അബുദാബി: ഗതാഗത നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അബുദാബി. റെഡ് സിഗ്നൽ മറികടന്നാൽ 10 ലക്ഷം രൂപ (50,000 ദിർഹം) വരെ പിഴ ഈടാക്കും. അശ്രദ്ധയോടെ വാഹനമോടിച്ച് ഗുരുതര അപകടമുണ്ടാക്കുന്നവർക്കും ഇതേ തുക പിഴ നൽകേണ്ടിവരും.
റെഡ് സിഗ്നൽ മറികടക്കൽ, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മത്സരയോട്ടം, പൊലീസ് വാഹനങ്ങളെ ഇടിക്കൽ , അവ്യക്തമോ മറഞ്ഞതോ വികലമായതോ ആയ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള യാത്ര എന്നിവ കണ്ടുപിടിച്ചാൽ വാഹനം പിടിച്ചെടുക്കും. റെഡ് സിഗ്നൽ മറികടന്നതിന്റെ പേരിൽ 30 ദിവസത്തേക്കു പിടിച്ചെടുക്കുന്ന വാഹനം 5000 ദിർഹം നൽകി 3 മാസത്തിനകം തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യും. ഇവർക്കുള്ള കുറഞ്ഞ പിഴ 10000 ദിർഹമും 12 ബ്ലാക് പോയിന്റുമാണ്. കഴിഞ്ഞ വർഷം മൂവായിരത്തോളം വാഹനം പിടിച്ചെടുത്തിരുന്നു.
ഇന്റർസെക്ഷനുകളിൽ ലെയ്ൻ നിയമം പാലിക്കാത്തവർക്ക് 400 ദിർഹമാണ് (8300 രൂപ) പിഴ. മുന്നറിയിപ്പ് സിഗ്നൽ ഇടാതെ ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നവർക്കും വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാത്തവർക്കും ഇതേ പിഴയുണ്ട്. വലതുവശത്തുകൂടെ ഓവർടേക് ചെയ്താൽ 600 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ.
10 വയസ്സിനു താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാൽ 400 ദിർഹം പിഴയുണ്ട്. പിടിച്ചെടുക്കുന്ന വാഹനം തിരിച്ചെടുക്കണമെങ്കിൽ 5000 ദിർഹം വേറെയും നൽകണം.
അമിത വേഗം, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കുക, പെട്ടന്ന് ലെയ്ൻ മാറുക, സീബ്ര ക്രോസിൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാതിരിക്കുക എന്നീ കുറ്റങ്ങൾക്കും പിഴയ്ക്കുപുറമെ വാഹനം പിടിച്ചുവയ്ക്കും. തിരിച്ചെടുക്കാൻ 5000 ദിർഹം (1 ലക്ഷം രൂപ) നൽകണം.
ബഫർ സ്പീഡില്ലാത്ത അബുദാബിയിൽ നിശ്ചിത വേഗപരിധിയെക്കാൾ കൂടുന്ന വേഗത്തിന് അനുസരിച്ച് പിഴയും കൂടും. ഓരോ റോഡിലെയും വേഗപരിധിയെക്കാൾ മണിക്കൂറിൽ 80 കി.മീ മറികടന്നാൽ 3000 ദിർഹം (62,000 രൂപ), 70 കി.മീ മറികടന്നാൽ 2000 ദിർഹം (41,000 രൂപ), 60 കി.മീ മറികടന്നാൽ 1500 ദിർഹം (31,000 രൂപ), 50 കി.മീ മറികടന്നാൽ 1000 ദിർഹം (20,000 രൂപ), 40 കി.മീ മറികടന്നാൽ 700 ദിർഹം (14,500 രൂപ), 30 കി.മീ മറികടന്നാൽ 600 ദിർഹം (12,000 രൂപ), 20 കി.മീ മറികടന്നാൽ 300 ദിർഹം (6,000 രൂപ) എന്നിങ്ങനെയാണ് പിഴ.
അമിത വേഗം, പെട്ടന്ന് വഴി മാറുക, വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാതിരിക്കുക, സീബ്രാ ക്രോസിൽ കാൽനട യാത്രക്കാർക്ക് മുൻഗണ നൽകാതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ അപകടം ഉണ്ടായാൽ ഡ്രൈവർക്ക് 5000 ദിർഹം പിഴയുണ്ട്.
അനുമതിയില്ലാതെ വാഹനത്തിന്റെ എൻജിനിലോ ഷാസിയിലോ മാറ്റം വരുത്തിയാലും ശബ്ദമലിനീകരണം ഉണ്ടാക്കിയാലും 10,000 ദിർഹം പിഴ ഈടാക്കും. ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 5000 ദിർഹം പിഴയ്ക്കു പുറമെ 3 മാസം തടവുമുണ്ട്. റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 ദിർഹമാണ് പിഴ.
റജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനവുമായി നിരത്തിലിറങ്ങിയാൽ 500 ദിർഹം പിഴയും 4 ബ്ലാക് പോയിന്റുമുണ്ടാകും. വാഹനം പിടിച്ചെടുക്കും.
സീറ്റ് ബെൽറ്റ് ഇടാതിരുന്നാൽ നമ്പർ പ്ലേറ്റ് മറച്ചാലും പിഴ 400 ദിർഹം. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ.
സ്കൂൾ ബസിന്റെ സ്റ്റോപ് നിയമം മറിടക്കുന്ന വാഹന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക് പോയിന്റുമാണ് ശിക്ഷ.
