തൃശ്ശൂർ: 50ൽ താഴെ മാത്രം സിനിമകളിൽ അഭിനയിച്ച മഞ്ജു മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ്. കാലം കാത്തുവച്ച നിയോഗം പോലെയാണ് മാറുന്ന മലയാള സിനിമയുടെ അമരക്കാരിയായി മഞ്ജു വാര്യർ മാറിയത്. അതിശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ കത്തുന്ന അനുഭവങ്ങളായി താരം സെല്ലുലോയിഡിൽ തിളങ്ങുകയാണ്. മഞ്ജുവില്‍ നിന്ന് കടലോളം ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങൾക്കായി മലയാളികൾ എന്നും കാത്തിരിപ്പിലാണ്. ധൈര്യം, അനാഥത്വം, തന്റേടം, സംഗീതം,… എല്ലാ ഭാവവും ഭദ്രമാണ് മഞ്ജുവിന്റെ കൈകളിൽ. കൂടാതെ മികച്ച നർത്തകി കൂടിയാണ് താരം.
സല്ലാപത്തിലെ രാധ, ആറാം തമ്പുരാനിലെ ഉണ്ണിമായ, കന്മദത്തിലെ ഭാനു, പ്രണയവർണങ്ങളിലെ ആരതി, സമ്മർ ഇൻ ബത്ലഹേമിലെ അഭിരാമി, പത്രത്തിലെ ദേവിക ശേഖർ, ആമി, ദയ, സൈറാ ബാനു… പട്ടിക ഇനിയും നീളുകയാണ്. പരമ്പരാഗത സൗന്ദര്യ സങ്കൽപങ്ങളോ പാരമ്പര്യത്തിന്റെ മേന്മകളോ പ്രായമോ മഞ്ജു വാര്യർക്ക് മുന്നിൽ വിലങ്ങുതടിയായില്ല. 14 വർഷങ്ങളായ ഇടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോഴും മലയാള സിനിമ മഞ്ജുവിനെ ചേർത്ത് പിടിച്ചു. നമ്മൾ ഏറെ സ്നേഹിക്കുന്ന പ്രിയ താരം. മലയാള സിനിമാ നായികമാരുടെ തലവര തന്നെ മാറ്റിയെഴുതിയ അഭിനേത്രി എന്നതിൽ മഞ്ജുവിന് അഭിമാനിക്കാം.