കാബൂൾ: മുൻ ജിഹാദികൾ അഫ്ഗാൻ സർക്കാരിൽ നിന്ന് രാജിവയ്ക്കുന്നതായി ലാഭരഹിത ഗവേഷണ സ്ഥാപനമായ അഫ്ഗാൻ അനാലിസിസ് നെറ്റ്വര്ക്കിന്റെ റിപ്പോർട്ട്. അഭിമുഖം നടത്തിയ അഞ്ച് താലിബാൻ പോരാളികളെ അടിസ്ഥാനമാക്കിയാണ് മുൻ ജിഹാദികൾ താലിബാൻ സർക്കാരിൽ നിന്ന് രാജിവയ്ക്കുകയാണെന്ന് അഫ്ഗാൻ അനാലിസിസ് നെറ്റ്വര്ക്കിലെ ഗവേഷകനായ സബാവൂൻ സമീം പറഞ്ഞത്.
താലിബാൻ തീവ്രവാദ ഗ്രൂപ്പിന്റെ ഒരു കമാൻഡർ, ഒരു സ്നൈപ്പർ, ഒരു ഡെപ്യൂട്ടി കമാൻഡർ, രണ്ട് പോരാളികൾ എന്നിവരുമായാണ് സബാവൂൻ സമീം അഭിമുഖം നടത്തിയത്. അവർ 24 നും 32 നും ഇടയിൽ പ്രായമുള്ളവരാണ്. അഫ്ഗാനിസ്ഥാനിലുടനീളം 6 മുതൽ 11 വർഷം വരെ താലിബാനുവേണ്ടി വിവിധ പദവികളിൽ പോരാടിയവരാണെന്നും സബാവൂൻ പറഞ്ഞു. ജിഹാദി പോരാളികളായാണ് തങ്ങൾ താലിബാനിൽ ചേർന്നതെന്ന് അഭിമുഖങ്ങളിൽ പങ്കെടുത്തവർ അവകാശപ്പെട്ടു. പക്ഷെ. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ രണ്ടാം തവണയും ഏറ്റെടുത്തപ്പോൾ ജിഹാദി പോരാളികൾ സർക്കാർ ജോലികൾ ചെയ്യാൻ നിർബന്ധിതരായി.
താലിബാൻ അധികാരത്തിൽ വന്ന ശേഷം നിരവധി പേർ രാജ്യം വിട്ടു പോയിരുന്നു. അവരിൽ പകുതിയിലധികം പേരും സർക്കാർ ജീവനക്കാരായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാൻ താലിബാൻ സ്വന്തം ജിഹാദി പോരാളികളെ ക്ലറിക്കൽ ജോലികൾ ഏൽപ്പിക്കുകയായിരുന്നു. തൽഫലമായി, യുദ്ധത്തിന്റെ മുൻനിരയിലായിരുന്ന പോരാളികളിൽ പലരും സർക്കാർ ഓഫീസുകളിലെ ട്രാഫിക്കിലും പേപ്പർ വർക്കുകളിലും ഒതുങ്ങി. അധികാരമേറ്റ് ഒന്നര വർഷത്തിനുള്ളിൽ ജിഹാദികൾ ക്ലറിക്കൽ ജോലിയിൽ മടുത്തുവെന്ന് സബാവൂൻ സമിം ചൂണ്ടിക്കാണിക്കുന്നു.