ന്യൂയോർക്: യുഎസിൽ അമ്പരപ്പിക്കുന്ന വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ടിക് ടോക്ക്. ബൈറ്റ്ഡാൻസിന് കീഴിലുള്ള ചൈനീസ് ഷോർട്ട് വിഡിയോ ഷെയറിങ് ആപ്ലിക്കേഷന് നിലവിൽ യുഎസിൽ 150 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ടിക് ടോക്കിന്റെ ഉയർച്ച അമേരിക്കൻ സോഷ്യൽ മീഡിയ ഭീമൻമാരെ പോലും മറികടന്നു. മെറ്റ, ഗൂഗിൾ തുടങ്ങിയ കമ്പനികളുടെ ആപ്ലിക്കേഷനുകളേക്കാൾ യുവാക്കൾ ടിക് ടോക്കിൽ കൂടുതൽ സമയം ചെലവഴിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.
അതേസമയം, ടിക് ടോക്കിനെതിരായ നിയന്ത്രണ നടപടികൾ അമേരിക്ക ശക്തമാക്കുകയാണ്. യുഎസ് ഉപയോക്താക്കളുടെ ഡാറ്റ ടിക് ടോക്ക് ചൈനയിലേക്ക് കടത്തുന്നുവെന്നും ടിക് ടോക്ക് ഉപയോഗിച്ച് രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ചൈന നിരീക്ഷിക്കുന്നുവെന്നുമാണ് അമേരിക്കയുടെ ആരോപണം. ടിക് ടോക്കിനെ രാജ്യത്ത് നിലനിർത്താണമെങ്കിൽ ബൈറ്റ്ഡാൻസിനെ ഉടമസ്ഥതയിൽ നിന്ന് നീക്കം ചെയ്യണമെന്നും ഒരു അമേരിക്കൻ കമ്പനിയെ കൊണ്ടുവരണമെന്നും യുഎസ് ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ടിക് ടോക്കിനെ നശിപ്പിക്കാൻ യുഎസ് ശ്രമിക്കുന്നുവെന്നാണ് ചൈനയുടെ ആരോപണം. ടിക് ടോക്ക് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിക്കുന്ന തെളിവുകൾ ഹാജരാക്കാൻ യുഎസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ദേശീയ സുരക്ഷയുടെ പേരിൽ വിദേശ കമ്പനികളെ തകർക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
അതേസമയം ടിക് ടോക്കിനെ നിരോധിക്കുന്ന തീരുമാനത്തിൽ പ്രതിഷേധമറിയിക്കാനായി ബുധനാഴ്ച യുഎസ് കോൺഗ്രസിന് പുറത്ത് ഒരു കൂട്ടം ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്റർമാർ ഒത്തുകൂടി. ടിക് ടോക്ക് ബാൻ ചെയ്യരുതെന്നും, നിലനിർത്തണമെന്നും ആവശ്യപ്പെട്ടുള്ള ബാനറുകളുമായാണ് ഇവർ പ്രതിഷേധത്തിനെത്തിയത്. ടിക് ടോക്കിന്റെ ഡാറ്റ സുരക്ഷ, സ്വകാര്യതാ രീതികൾ, ബീജിംഗുമായുള്ള ബന്ധങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നതിനായി ടിക് ടോക്ക് സിഇഒ ഷൗ സി ച്യൂ കോൺഗ്രസിന് മുമ്പാകെ ഹാജരാകുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ഇവരുടെ പ്രതിഷേധം.