വയനാട്: ജനവാസമേഖലയിൽ വീണ്ടും കടുവയിറങ്ങി. റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ആദ്യം കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്ന താന്നിത്തെരുവിനടുത്ത വെള്ളക്കെട്ടിലാണ് രാവിലെ ഏഴുമണിയോടെ കടുവയെ കണ്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകരെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിരുന്നു. നിരീക്ഷണ ക്യാമറകളും ഇവിടെ വച്ചിട്ടുണ്ട്.
അതേസമയം, ബത്തേരി ചെതലയത്ത് കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റ പശു ചത്തു. ചെതലയം ആറാംമൈയിൽ പടിപ്പുര വീട്ടിൽ നാരായണന്റെ പശുവാണ് ചത്തത്. കഴിഞ്ഞമാസം 23നായിരുന്നു പശുവിനെ കടുവ ആക്രമിച്ചത്. കഴുത്തിനു ഗുരുതര പരുക്കേറ്റിരുന്നു. തുടർന്ന് ചികിത്സ നൽകി വരവേയാണ് ഇന്ന് പുലർച്ചെ പശു ചത്തത്. വന്യമൃഗങ്ങൾ തുടർച്ചയായി കാടിറങ്ങി വരുന്നതിൽ ആശങ്കയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.