കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങളെ കടുവാശല്യത്തിൽ നിന്ന് രക്ഷിക്കാൻ കടുവകളെ പുനരധിവസിപ്പിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്. ആനകളും കുരങ്ങുകളും ഉൾപ്പെടെയുള്ള മൃഗങ്ങളിൽ നിന്ന് മനുഷ്യർക്ക് ഭീഷണി ഇല്ലാതാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2011ലാണ് അവസാനമായി കടുവകളുടെ എണ്ണം രേഖപ്പെടുത്തിയത്. അതിൽ നിന്നും വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പുണ്ട്. കടുവകളുടെ എണ്ണത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷി വനത്തിനും കുറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
കടുവകളെ വയനാട് വനത്തിൽ നിന്ന് മാറ്റേണ്ടതുണ്ട്. കടുവകളുടെ എണ്ണം താരതമ്യേന കുറവുള്ള പ്രദേശങ്ങളിൽ കടുവകളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. നെയ്യാർ, പറമ്പിക്കുളം വന്യജീവി സങ്കേതങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്യും. മറ്റ് സംസ്ഥാനങ്ങളുമായും ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കടുവകളെ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. സമാന്തരമായി, ചെന്നൈയിലെ ഒരു ഏജൻസിയുമായി സഹകരിച്ച് നിലവിലെ കടുവകളുടെ എണ്ണം കണ്ടെത്താൻ സെൻസസ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആനകൾ, കടുവകൾ, കുരങ്ങുകൾ എന്നിവയുടെ പ്രജനനം തടയാൻ ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങളിൽ ആനകളെ വന്ധ്യംകരണം ചെയ്യുന്നു. ഇത് നമ്മുടെ രാജ്യത്ത് ഉപയോഗിക്കാനുള്ള വഴികൾ കണ്ടെത്തും. കാട്ടു കുരങ്ങിനെ വന്ധ്യംകരിക്കാൻ വയനാട്ടിലെ നിലവിലുള്ള ആശുപത്രിയിൽ സൗകര്യം ഒരുക്കും. ഇതിനായി മറ്റ് വകുപ്പുകളുടെ സഹായവും തേടുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.