തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമായിരുന്നു നടന്നതെന്നും, വിഷയത്തിൽ കുറ്റമറ്റരീതിയിൽ അന്വേഷണം നടത്താനാണ് ശ്രമിച്ചതെന്നും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്തംബർ 23 ന് ലഭിച്ച എ ഡി ജി പിയുടെ അന്വേഷണ റിപ്പോർട്ട് സമഗ്രമായിരുന്നില്ല. ഭാവിയിൽ ഒരു തരത്തിലുമുള്ള പ്രശ്നങ്ങളില്ലാതെ ഭംഗിയായി പൂരം നടത്തുന്നതിനെപ്പറ്റിയാണ് മന്ത്രിസഭാ യോഗം ചർച്ച ചെയ്തത്.
പൂരം അലങ്കോലമാക്കാൻ ശ്രമങ്ങളുണ്ടായി. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമായിരുന്നു നടന്നത്. മൂന്ന് തീരുമാനങ്ങളെടുത്തിട്ടുണ്ട്. തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചതിനെപ്പറ്റി ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ വിശദമായി അന്വേഷണമുണ്ടാകും.
പൂരവുമായി ബന്ധപ്പെട്ട് ചുമതല നൽകിയിരുന്ന വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നു. ഇവർക്ക് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കാൻ ഇന്റലിജൻസ് എ ഡി ജി പി മനോജ് എബ്രഹാം ഐ പി എസിനെ ചുമതലപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി അജിത് കുമാറിന് വീഴ്ച പറ്റിയതായി റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. ഇതിനെപ്പറ്റി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി എന്നതാണ് മൂന്നാമത്തെ കാര്യം.