ആലപ്പുഴ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഭരണവർഗ്ഗ വികാരത്തിനെതിരെ തൃക്കാക്കരയിലെ ജനങ്ങൾ വിധിയെഴുതുമെന്ന് ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ. ഭരണവർഗ്ഗ മുന്നണികൾക്കെതിരായി തൃക്കാക്കരയിൽ ഒരു പൊതുവികാരം പ്രകടമാണ്. ആ പ്രകടമായ വികാരം പഴയ സമയത്ത് വലിയ തോതിലുണ്ടായിട്ടുണ്ട്. 2011ൽ ബിജെപിക്ക് 5000 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. അതിന് ശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അതിന്റെ നാല് ഇരട്ടിയോളം വർധിച്ച് ഇരുപത്തിനായിരത്തിലേക്ക് എത്തി. ഇപ്രാവശ്യം അതിലും രണ്ടര ഇരട്ടി കൂടി കൂടുതൽ ലഭിച്ചാൽ ജയിക്കാൻ കഴിയും. ആ പ്രതീക്ഷയോടെയാണ് താൻ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
ട്വന്റി – ട്വന്റിയും ആം ആദ്മി പാർട്ടിയും മത്സരരംഗത്തില്ലാത്തത് ബിജെപിക്ക് ഗുണകരമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ നിലയിൽ ഭരണവർഗ്ഗ മുന്നണികൾക്കെതിരായ വോട്ടാണ് ത്രികോണ – ചതുഷ്കോണ മത്സരത്തിലേക്ക് മാറുന്നത്. ഇപ്രാവശ്യം എൽഡിഎഫ് – യുഡിഎഫ് മുന്നണികൾക്ക് എതിരായി വലിയ വികാരമാണ് ഇപ്പോൾ നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ ട്വന്റി – ട്വന്റിയും ആം ആദ്മി പാർട്ടിയും മത്സര രംഗത്ത് ഇല്ലാത്ത ബിജെപിക്ക് ഗുണം ചെയ്യുമെന്നും എ എൻ രാധാകൃഷ്ണൻ പ്രതികരിച്ചു.
