മനാമ: നിയമവിരുദ്ധമായ സിപിആർ പുതുക്കൽ സേവനത്തിന്റെ പേരിൽ മൂന്ന് പേർക്ക് ജയിൽ ശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈക്രിമിനൽ കോടതി. ടിക് ടോക്കിൽ തങ്ങളുടെ നിയമവിരുദ്ധ ഡോക്യുമെന്റ് ക്ലിയറൻസ് സേവനങ്ങൾ പരസ്യപ്പെടുത്തിയ മൂന്ന് ഇന്ത്യക്കാർക്കാണ് ഇലക്ട്രോണിക് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി ശിക്ഷ ലഭിച്ചത്. ജയിൽ ശിക്ഷയ്ക്ക് ശേഷം ഇവരെ നാട് കടത്താനും കോടതി വിധിച്ചിട്ടുണ്ട്.
36 വയസുകാരായ രണ്ട് പുരുഷൻമാരും, 23 വയസ് പ്രായമുള്ള സ്ത്രീയുമാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. വ്യാജമേൽവിലാസം ഉപയോഗിച്ച് 17ഓളം സിപിആറുകൾ ഇവർ ഉണ്ടാക്കിയതായി തെളിഞ്ഞു. ശരിയായ മേൽവിലാസമില്ലാത്തവർക്ക് സിപിആർ ഉണ്ടാക്കി നൽകാമെന്ന രീതിയിൽ ടിക് ടോകിൽ നൽകിയ പരസ്യമാണ് ഇവരെ കുടുക്കിയത്. ഒരേ ഡോക്യുമെന്റ് സെർവീസ് ഏജൻസിയിൽ ജോലി ചെയ്ത് വന്ന സ്ത്രീയുടെ സഹായത്തോടെയാണ് മറ്റ് രണ്ട് പേർ വ്യാജരേഖകൾ ഉണ്ടാകിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.