ജിദ്ദ: സൗദിയില്‍ മൂന്ന് തൊഴില്‍ മേഖലകള്‍ കൂടി സ്വദേശിവത്കരിക്കുന്നു. ഡിസംബര്‍ 30 വ്യാഴാഴ്ച മുതലാണ് കസ്റ്റംസ് ക്ലിയറന്‍സ്, ഡ്രൈവിങ് സ്കൂളുകള്‍, എന്‍ജിനീയറിങ്, സാങ്കേതിക തൊഴിലുകള്‍ എന്നീ മേഖലകള്‍ സ്വദേശിവത്കരിക്കുന്നത്.
കസ്റ്റംസ് ക്ലിയറന്‍സ് മേഖലയില്‍ ചില ജോലികളില്‍ സ്വദേശിവത്കരണം 100 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ 2,000 ലധികം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ജനറല്‍ മാനേജര്‍, സര്‍ക്കാര്‍ റിലേഷന്‍സ് ഉദ്യോഗസ്ഥന്, കസ്റ്റംസ് ക്ലിയറന്‍സ് ക്ലര്‍ക്ക്, കസ്റ്റംസ് ഏജന്റ്, കസ്റ്റംസ് ബ്രോക്കര്‍, വിവര്ത്തകന് എന്നീ തൊഴിലുകളാണ് കസ്റ്റംസ് ക്ലിയറന്‍സ് മേഖലയില്‍ 100 ശതമാനം സ്വദേശിവത്കരണത്തിലുള്പ്പെടുകയെന്ന് നടപടിക്രമ ഗൈഡില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡ്രൈവിങ് സ്കൂള്‍ മേഖലകളിലെ തൊഴിലുകളും നൂറ് ശതമാനം സ്വദേശിവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ഡ്രൈവിങ് പരിശീലകന്, നിരീക്ഷകന് തുടങ്ങിയ ജോലികള്‍ സ്വദേശിവത്കരിക്കുന്നതിലുള്പ്പെടും. പരിശീലനം നല്കുന്ന ആളുടെ വേതനം 5,000 റിയാലില്‍ കുറവായിരിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവിങ് സ്കൂളുകളില്‍ 8,000 തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഡ്രൈവിങ് സ്കൂള്‍ മേഖലയിലെ സ്വദേശിവത്കരണ പ്രഖ്യാപനം വന്ന ഉടനെ ഡ്രൈവിങ് പരിശീലനം എന്ന തൊഴില്‍ തൊഴിലന്വേഷകരെ പരിശീലിപ്പിക്കുകയും യോഗ്യത നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാനവ വിഭവശേഷി ഫണ്ട് (ഹദഫ്) പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
എന്‍ജിനീയറിങ്, സാങ്കേതിക പ്രൊഫഷനുകളുടെ സ്വദേശിവത്കരണത്തില്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ച പ്രൊഫഷണല്‍ തരംതിരിക്കല്‍ അനുസരിച്ച് എന്‍ജിനീയറിങ്, സാങ്കേതിക പ്രൊഫഷനുകള്‍ എന്ന ഗണത്തില്‍പ്പെടുന്ന എല്ലാ പ്രൊഫഷനുകളും ഉള്‍പ്പെടുന്നതാണ്. ഈ മേഖലയില്‍ അഞ്ചോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും തീരുമാനം ബാധകമായിരിക്കും. 12,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജോലിക്ക് നിയോഗിക്കുന്ന ആളുടെ പ്രതിമാസ വേതനം 5,000 റിയാലില്‍ കുറയരുതെന്നും സൗദി എന്‍ജിനീയേഴ്സ് കൗണ്‍സിലിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് വേണമെന്നും നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്. 2021 ല്‍ സ്വദേശികളായ തൊഴിലന്വേഷകര്‍ക്ക് 3,78,000 ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് 20 തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഡിസംബര്‍ 30 മുതല്‍ മൂന്ന് പുതിയ മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പിലാക്കാന്‍ പോകുന്നത്.
