നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ ബി.ജെ.പിയും ആർ.എസ്.എസും മാപ്പ് പറഞ്ഞില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് രാഷ്ട്രീയ പാർട്ടി നേതാവിനെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ചെറിയ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് അബ്ദുൾ മജീദ് അത്തറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോദിയുടെയും യോഗിയുടെയും ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ ഭീഷണിപ്പെടുത്തുന്ന പോസ്റ്റിട്ടതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്.
മതവികാരം വ്രണപ്പെടുത്തിയതിനും സമാധാനം തകർക്കാൻ ശ്രമിച്ചതിനും ഐപിസി വകുപ്പുകൾ പ്രകാരം കേസെടുത്തു. ജൂലൈ 2 മുതൽ ഹൈദരാബാദിൽ നടക്കുന്ന രണ്ട് ദിവസത്തെ ബിജെപി ദേശീയ എക്സിക്യൂട്ടീവിന്റെ യോഗത്തിന് മുന്നോടിയായാണ് അറസ്റ്റ്. യോഗത്തിൽ മോദിയും അമിത് ഷായും പങ്കെടുക്കുന്നുണ്ട്. മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച പോസ്റ്റിന്റെ പേരിൽ ചൊവ്വാഴ്ച ഉദയ്പൂരിൽ തയ്യൽക്കാരൻ തലയറുത്ത് കൊലപ്പെടുത്തിയത് മുതൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഹൈദരാബാദിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.