തലസ്ഥാനത്തെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള പോലീസിന്റെ നീക്കത്തെ വിമർശിച്ച് നടൻ ഹരീഷ് പേരടി. മാനവീയം വീഥിയിലെ നിയമം തെറ്റിക്കുന്ന എല്ലാ ക്രിമനലുകളെയും അകത്തിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാത്രികളും മനുഷ്യന് ജീവിക്കാനും ആഘോഷിക്കാനുമുള്ളതാണെന്നും പേരടി ഓർമിപ്പിച്ചു.നൈറ്റ് ലൈഫ് കേന്ദ്രമായി മാനവീയം വീഥിയെ ഒരുക്കിയപ്പോള്‍ തന്നെ വൈകുന്നേരങ്ങളില്‍ ആട്ടവും പാട്ടുമൊക്കെയായി ചെറുപ്പക്കാരുള്‍പ്പെടെയുള്ളവര്‍ ഒത്തുചേര്‍ന്നിരുന്നു. എന്നാൽ ലഹരി ഉപയോഗിച്ച് എത്തുന്നവര്‍ പലപ്പോളും പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പരാതികള്‍ ഉയരുന്നുണ്ടായിരുന്നു. ഇതിനിടെയാണ് രണ്ട് ദിവസം മുമ്പ് മാനവീയം വീഥിയില്‍ സംഘര്‍ഷം ഉണ്ടാവുകയും അതിന്റെ വീഡിയോ പ്രചരിക്കുകയും ചെയ്തത്. ഇതേ തുടർന്നാണ് മാനവീയം വീഥിയിലെ നൈറ്റ് ലൈഫ് നിയന്ത്രിക്കണമെന്ന് പോലീസ് നിലപാടെടുത്തത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മ്യൂസിയം പോലീസ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അയച്ച പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്കിലൂടെ ഈ വിഷയത്തിൽ പ്രതികരണവുമായി ഹരീഷ് പേരടി എത്തിയത്.
പട്ടാപ്പകൽ അതിക്രമങ്ങളും സംഘർഷങ്ങളും ബലാൽസംഗങ്ങളും ഇവിടെ നടന്നിട്ടും അതിനെ നിയന്ത്രിക്കാൻ കഴിയാത്തവരാണ് ഒരു രാത്രിയിൽ അംഗീകൃത തെരുവിൽ ആനന്ദ നൃത്തം ചെയ്യുന്നവരെ ഒരു ചെറിയ സംഘർഷത്തിന്റെ പേരിൽ വിലക്കാൻ സദാചാര നിയമങ്ങളുമായി ഇറങ്ങിയിരിക്കുന്നതെന്ന് പേരടി കുറിച്ചു. മാനവീയം വീഥിയിലെ നിയമം തെറ്റിക്കുന്ന എല്ലാ ക്രിമനലുകളെയും അകത്തിടണം. ഈ സംഘർഷം പോലും ഏതെങ്കിലും സദാചാര പോലീസിങ്ങിന്റെ ഭാഗമാണോ എന്ന് അന്വേഷിക്കേണ്ടതാണെന്ന് അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.പക്ഷേ അതിന്റെ പേരിൽ രാത്രി ജീവിതം ആഘോഷിക്കാൻ എത്തുന്ന ഭൂരിപക്ഷത്തെ നിയന്ത്രിക്കരുത്. രാത്രികളും മനുഷ്യന് ജീവിക്കാനും ആഘോഷിക്കാനുമുള്ളതാണ്. എന്തിന് ആത്മഹത്യയുടെ സംഘർഷങ്ങളിൽ നിൽക്കുന്ന ഒരാൾക്കുപോലും ആ മാനവീയം വീഥിയിലെ സന്ദർശനം.. അവിടെയുള്ള സംഗീതത്തിൽ, നൃത്തത്തിൽ പങ്കുചേർന്നാൽ അത് വലിയ ആശ്വാസവും മരുന്നുമാകും. എല്ലാ സദാചാര ഗുണ്ടായിസങ്ങളെയും മറികടന്ന് മാനവീയം വീഥിയിലെ രാത്രി ജീവിതം നിലനിർത്തണം എന്നാണ് പേരടി ആവശ്യപ്പെടുന്നത്.
നൈറ്റ് ലൈഫ് തുടങ്ങിയതിന് ശേഷം ഇതുവരെ ഒമ്പത് തവണ സംഘര്‍ഷങ്ങള്‍ നടന്നു. അതില്‍ അവസാനത്തെ സംഘര്‍ഷമാണ് കൈവിട്ട് കൂട്ടം ചേര്‍ന്ന് ഒരാളെ മര്‍ദ്ദിക്കുന്നതിലേക്ക് പോയത്. ലഹരി ഉപയോഗിച്ച് എത്തുന്നവര്‍ കുടുംബമായി എത്തുന്നവര്‍ക്കിടയിലേക്ക് കടന്നുകയറി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നും പോലീസ് പറയുന്നു. ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് നൈറ്റ് ലൈഫില്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെടുന്നത്. ആരാണ് അവിടെ പരിപാടി നടത്തുന്നതെന്നോ, എന്ത് പരിപാടിയാണെന്നോ ആര്‍ക്കും തന്നെ വ്യക്തതയില്ലാത്ത സാഹചര്യമാണ്. എന്തെങ്കിലും സംഭവിച്ചാല്‍ പരിപാടിയുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. അതിനാല്‍ കലാപരിപാടികള്‍ രജിസ്ട്രേഷന് മുഖേനെ നിയന്ത്രിക്കണമെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുന്‍കൂര്‍ അനുമതിയില്ലാതെ പരിപാടി നടത്താന്‍ അനുവദിക്കരുതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിപാടികള്‍ക്ക് നിശ്ചിത സമയത്തേക്ക് മാത്രം അനുമതി നല്‍കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ സമയ നിയന്ത്രണം നഗരസഭയ്ക്കും ടൂറിസം വകുപ്പിനും തീരുമാനിക്കാം. മാത്രമല്ല രാത്രിയിലെ ഉച്ചഭാഷിണി ഉപയോഗം പരിമിതപ്പെടുത്തണമെന്നും പോലീസ് നല്കിയ റിപ്പോര്‍ട്ടിലുണ്ട്