
തിരുവനന്തപുരം: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ എം എൽ എ സ്ഥാനത്തിലും രാജി ആവശ്യം ശക്തമാകുമ്പോൾ കോൺഗ്രസിൽ പ്രശ്നം രൂക്ഷമാകുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റു ചില നേതാക്കളും രാഹുലിന്റെ രാജി വേണമെന്ന കടുത്ത നിലപാട് എടുക്കുമ്പോഴും എം എൽ എ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവയ്ക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിലൂടെ ധാർമ്മികമായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ചെയ്തെന്ന് പറഞ്ഞ് രാഹുലിന് ഷാഫി പറമ്പിൽ എം പി സംരക്ഷണം തീർക്കുകയും ചെയ്തു. രാജി എന്തിനെന്ന ചോദ്യമാണ് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഉയർത്തുന്നത്. ഇതോടെ കോൺഗ്രസിൽ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്.
വിശദ വിവരങ്ങൾ
പാർട്ടിയുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതിച്ഛായ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാഹുലിനെ എം എൽ എ സ്ഥാനം രാജിവെപ്പിക്കാൻ വി ഡി സതീശൻ നീക്കം നടത്തുമ്പോൾ അനുവദിക്കുന്നില്ല എന്നുള്ള പരസ്യ പ്രസ്താവനയാണ് ഇന്ന് കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് കൂടിയായ ഷാഫി പറമ്പിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി പറയാറുള്ള ഷാഫി പറമ്പിൽ പക്ഷേ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാമായിരുന്നു. രാഹുലും താനും തമ്മിലുള്ള കൂട്ടുകെട്ട് പാർട്ടിയുടെ പ്രതിച്ഛായയേക്കാൾ വലുതാണ് എന്ന സൂചന നൽകാനാണ് ഷാഫി ശ്രമിച്ചത്. ഒരു ഗൗരവമുള്ള വിഷയമാണ് നടന്നത് എന്ന് പോലും അംഗീകരിക്കാൻ ഷാഫി മടികാട്ടുന്നതും കാണാമായിരുന്നു. രാജിയുടെ ചോദ്യം ഉദിക്കുന്നില്ല എന്നാണ് രാഹുൽ മങ്കൂട്ടത്തിൽ അറിയിക്കുന്നത്. അങ്ങനെ രാജിവെക്കാൻ ഒരുക്കമല്ല എന്ന് രാഹുൽ നിലപാടെടുക്കുന്നത് ഷാഫിയുടെ കൂടി പിന്തുണയുടെ ബലത്തിലാണെന്ന് സാരം. ഇക്കാര്യത്തിൽ കേന്ദ്ര നേതാക്കൾ തന്ത്രപരമായ സമീപനം സ്വീകരിക്കുമ്പോൾ ദീപ ദാസ് മുൻഷി ഇനി നടപടികൾ ഉണ്ടാകില്ല എന്ന സൂചനയാണ് നൽകുന്നത്. ചുരുക്കത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കാര്യം പാർട്ടിക്കകത്ത് ഒരു തർക്കവിഷയമായി മാറുകയാണ്. സി പി എമ്മിനെ പ്രീണിപ്പെടുത്താനാണ് സതീശൻ ശ്രമിക്കുന്നത് എന്ന വാദം ഉയർത്തിക്കൊണ്ടു വരാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് വരെ വിഷയം നീട്ടിക്കൊണ്ട് പോയാൽ പാലക്കാട് മാത്രമല്ല സംസ്ഥാനത്ത് ഒട്ടാകെ യു ഡി എഫിന് തലവേദന ഉണ്ടാകുമെന്നാണ് മറുഭാഗത്തിന്റെ വിലയിരുത്തൽ.
