ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് രണ്ട് മന്ത്രിമാരേയും രണ്ട് എംപിമാരേയും കേന്ദ്ര സർക്കാർ ഒഴിവാക്കി. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസ് പുറത്തുവിട്ട പട്ടികയിലാണ് ഇവരുടേ പേരുകൾ ഇല്ലാത്തത്. മന്ത്രിമാരായ തോമസ് ഐസക്കിനേയും പി. തിലോത്തമനേയും എംപിമാരായ എ.എം ആരിഫ്, കെ.സി വേണുഗോപാൽ എന്നിവരെയാണ് ഒഴിവാക്കിയത്.
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ സംഘാടകർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയുമാണ്. അതുകൊണ്ട് തന്നെ ആരൊക്കെ പങ്കെടുക്കണമെന്ന് കേരളത്തിന് നിർദ്ദേശം നൽകാൻ മാത്രമെ സാധിക്കൂ. ഒഴിവാക്കിയവരെ ഉൾക്കൊള്ളിക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേന്ദ്ര സഹമന്ത്രി വി. മുരളീധരനേയും ഗതാഗത സഹമന്ത്രി വിജയ് കുമാർ സിങ്ങിനേയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നൽകി. ഈ മാസം 28നാണ് ഉദ്ഘാടനം. കേന്ദ്ര സർക്കാരിന്റെ പങ്കാളിത്തത്തോടെ 350 കോടിയോളം മുടക്കിയാണ് ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം. പാലത്തിന്റെ ഭാര പരിശോധന അടക്കം പൂർത്തിയായിരുന്നു. 1987ൽ തുടക്കം കുറിച്ച ബൈപാസ് സ്വപ്നമാണ് നാലര പതിറ്റാണ്ടിന് ശേഷം യാഥാർത്ഥ്യമാകുന്നത്.