തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചതിനെതിരെ കേരള മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ തകര്‍ക്കാനാണ് ഈ നീക്കത്തിലൂടെ ബിജെപിയും ശ്രമിക്കുന്നതെന്ന് തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
സഹകരണ ബാങ്കുകളുടെ പൂര്‍ണ്ണ നിയന്ത്രണം റിസര്‍വ് ബാങ്കിനു കീഴിലാക്കി ബാങ്കിംഗ് റെഗുലേഷന് ആക്ട് 2020ല്‍ ഭേദഗതി ചെയ്തു. ഈ ഭേദഗതി പ്രകാരം റിസര്‍വ് ബാങ്കിന് തങ്ങളുടെ കീഴിലല്ലാത്ത പ്രാഥമിക കാര്‍ഷിക സഹകരണ സംഘംപോലുള്ള സ്ഥാപനങ്ങള്‍ ബാങ്ക് എന്ന വിശേഷണം ഉപയോഗിക്കുന്നതിനെ നിരോധിക്കാം.
നിരോധനം വന്നുകഴിഞ്ഞാല്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ചെക്കുകള്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ കഴിയില്ല. കൂടാതെ പൊതുജനങ്ങളില്‍ നിന്ന് ഡെപ്പോസിറ്റ് സ്വീകരിക്കാന്‍ കഴിയില്ല. ഏതാണ്ട് 60,000 കോടി രൂപ ഇത്തരത്തില്‍ ഡെപ്പോസിറ്റുകളായി ഇപ്പോഴുണ്ടെന്നാണു കണക്ക്.
കേരള ബാങ്കില്‍ മിറര്‍ അക്കൗണ്ട് സൃഷ്ടിച്ച് പ്രാഥമിക സഹകരണ ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്താനാണല്ലോ നാം ആലോചിക്കുന്നത്. അതു നിരോധിക്കപ്പെടും. ഇത്രയും ചെയ്താല്‍ കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ കണക്കുകൂട്ടലെന്നും ഐസക് ആരോപിച്ചു.
അമിത് ഷായുടെ കേന്ദ്രസഹകരണ മന്ത്രിയായുള്ള സ്ഥാനാരോഹണം യാദൃച്ഛികമല്ല. ആസൂത്രിതമായ ഒരു പദ്ധതി തന്നെയാണ്. സഹകരണ മേഖല കേരളത്തിന്റെ കരുത്താണ്. ഈ മഹത്തായ പൈതൃകത്തെ സംരക്ഷിക്കുന്നതിനു യോജിച്ചുള്ള പോരാട്ടത്തിനു നേരമായെന്നും അദ്ദേഹം പറഞ്ഞു.