
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മികച്ച പ്രകടനത്തില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശനെ അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്. സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയമാണ് യുഡിഎഫിനുണ്ടായിരിക്കുന്നതെന്ന് അവര്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. വി ഡി സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്.
‘ഇത് എന്റെ നേതാവിന്റെ വിജയം. അചഞ്ചലമായ നിലപാടിന്റെ വിജയം. അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി. ഒരേ ഒരു രാജ. ടീം യുഡിഎഫിന് അഭിനന്ദനങ്ങള്‍’, എന്നാണ് റിനിയുടെ കുറിപ്പ്.
പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി തനിക്ക് വളരെക്കാലമായി അടുത്ത ബന്ധമുണ്ടെന്ന് നടി നേരത്തേ വ്യക്തമാക്കിയിരിക്കുന്നു. താന്‍ മകളെപ്പോലെ കാണുന്ന കുട്ടി എന്നാണ് സതീശന് റിനിയെ വിശേഷിപ്പിച്ചത്. മോശമായി പെരുമാറിയെന്ന് യുവനേതാവിനെതിരേ റിനി ആരോപണം ഉന്നയിച്ചപ്പോള്‍, പിതാവ് എങ്ങനെ ഇടപെടുമോ, അത്തരത്തില്‍ കൈകാര്യംചെയ്തിട്ടുണ്ടെന്നായിരുന്നു സതീശന് മറുപടി നല്‍കിയത്.
യുവനേതാവിനെതിരായ വെളിപ്പെടുത്തലിന് പിന്നില്‍ സതീശനാണെന്ന ആരോപണത്തിനെതിരേ നടിയും രംഗത്തുവന്നിരുന്നു. ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ വലിച്ചിടുന്നത് വലിയ വേദനയാണ് സൃഷ്ടിക്കുന്നതെന്ന് നടി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. തന്റെ വാക്കുകള്‍, തന്റേതുമാത്രമാണെന്നും നടി അന്ന് വ്യക്തമാക്കി.


