
തൃശൂർ: റിസർവ് ചെയ്തതും ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിംഗുകൾ, പ്ലാറ്റ്ഫോം ടിക്കറ്റ്, പാഴ്സൽ ബുക്കിംഗ്, ട്രെയിൻ അന്വേഷണം, പി.എൻ.ആർ അന്വേഷണം… ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കും. സൂപ്പർ ആപ്പ് എന്ന് വിളിക്കുന്ന ആപ്ലിക്കേഷനിലൂടെ. പരീക്ഷണാർത്ഥമാണ് റെയിൽവേ മന്ത്രാലയം ആപ്പ് പുറത്തിറക്കിയത്. സ്വറെയിൽ എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയത്. വെള്ളിയാഴ്ചയാണ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലുമെത്തിയത്. പരീക്ഷണാടിസ്ഥാനത്തിൽ ആയതിനാൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നവരുടെ എണ്ണത്തിന് പരിധിയുണ്ട്.
ട്രെയിൻ ട്രാക്ക് ചെയ്യാനും ട്രെയിനിലേക്ക് ഭക്ഷണം ഓർഡർ ചെയ്യാനും ഈ ആപ്പിലൂടെയാകും. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (സി.ആർ.ഐ.എസ്.) വികസിപ്പിച്ചെടുത്ത സൂപ്പർ ആപ്പ്, ഇന്ത്യൻ റെയിൽവേയുടെ എല്ലാ ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് സമന്വയിപ്പിക്കും. ഇതുടൻ എല്ലാവർക്കും ലഭ്യമാകുന്ന വിധത്തിൽ പുറത്തിറക്കിയേക്കും. ഒറ്റ സൈൻ ഇൻ ഉപയോഗിച്ച് സൂപ്പർ ആപ്പിലും റെയിൽവേയുടെ നിലവിലുള്ള ആപ്പുകളായ ഐ.ആർ.സി.ടി.സി റെയിൽ കണക്ട്, യു.ടി.എസ് തുടങ്ങിയവയിലും ലോഗ് ഇൻ ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിൻ റണ്ണിംഗ് സ്റ്റാറ്റസ് അറിയാനും മറ്റ് സേവനങ്ങൾക്കുമെല്ലാം ഈ ആപ്പ് ഉപകരിക്കും.
തടസമില്ലാത്ത സേവനങ്ങൾക്കൊപ്പം യാത്രക്കാർക്കുള്ള സേവനം മെച്ചപ്പെടുത്തുക എന്നതിന് ഊന്നൽ നൽകിയാണ് പുതിയ ആപ്പ് തയ്യാറാക്കിയത്.-ദിലീപ് കുമാർ. എക്സിക്യുട്ടീവ് ഡയറക്ടർ, റെയിൽവേ ബോർഡ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി
രണ്ട് ഡീ റിസർവ്ഡ് കോച്ച് അനുവദിച്ചു
ആലപ്പുഴ-ധൻബാദ് പ്രതിദിന എക്സ്പ്രസിൽ, മാർച്ച് 24 മുതൽ ആലപ്പുഴയ്ക്കും കോയമ്പത്തൂരിനുമിടയിൽ രണ്ട് സ്ലീപ്പർ കോച്ചുകൾ, ഡിറിസർവ്ഡ് കോച്ചുകളായി റെയിൽവേ പ്രഖ്യാപിച്ചു. അന്ന് മുതൽ എസ് 5, എസ് 6 എന്നീ സ്ലീപ്പർ കോച്ചുകളിൽ റിസർവേഷനില്ലാത്ത സ്ലീപ്പർ ക്ലാസ് ടിക്കറ്റുള്ളവർക്കും സീസൺ ടിക്കറ്റുകാർക്കും ആലപ്പുഴയ്ക്കും കോയമ്പത്തൂരിനുമിടയിൽ യാത്ര ചെയ്യാം.
