കൊച്ചി: എറണാകുളത്ത് നാലു വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്നകേസിൽ പ്രതിയായ അമ്മയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. അമ്മയെ ഉടൻ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കും. തുടര്ന്ന് വിശദമായി ചോദ്യം ചെയ്യും. അതേസമയം, നാലു വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയതിൽ പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു.
മൂവാറ്റുപ്പുഴ താലൂക്ക് ആശുപത്രിയിലാണ് വൈദ്യ പരിശോധന. എറണാകുളത്ത് അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരി ക്രൂര ബലാത്സംഗം നേരിട്ടതായാണ് കണ്ടെത്തൽ. കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെയാണ് സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടിൽ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചു. കുഞ്ഞിന്റെ പോസ്റ്റുമോട്ടത്തിലാണ് നടുക്കുന്ന വിവരം പുറത്തുവന്നത്
എറണാകുളത്ത് നാലു വയസ്സുകാരിയെ പുഴയിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടു മുൻപാണ് പെൺകുഞ്ഞിന്റെ പോസ്റ്റ്മോർട്ടം വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കുഞ്ഞിന്റെ മൃതദേഹത്തിലെ ആദ്യഘട്ട പരിശോധനയിൽ തന്നെ കുഞ്ഞ് ക്രൂര ബലാത്സംഗത്തിന് ഇരയായതായി ഫോറൻസിക് സർജൻ കണ്ടെത്തിയിരുന്നു. ഒന്നോ രണ്ടോ വട്ടമല്ല നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തതായി ഡോക്ടർ പൊലീസിനെ അറിയിച്ചു.
പ്രകൃതിവിരുദ്ധ പീഡനത്തിന് പോലും കുഞ്ഞ് ഇരയായി. കൊല്ലപ്പെടുന്നത് തൊട്ടുമുൻപും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകൾ ലഭിച്ചു. അതീവ ഗൗരവമായ റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസ് ബന്ധുക്കളിലേക്ക് അന്വേഷണം തുടങ്ങിയത്. കുഞ്ഞിന്റെ സംസ്കാരം പൂർത്തിയായ അന്ന് രാത്രി തന്നെ അച്ഛന്റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്തു തുടങ്ങി. വീട്ടിലെ സ്ത്രീകളുടെ മൊഴി എടുത്തു. അടുത്ത ബന്ധുവിലേക്ക് സംശയങ്ങൾ നീളുന്നതായിരുന്നു പലരുടെയും മൊഴി. ആദ്യഘട്ടത്തിൽ ചോദ്യംചെയ്ത് ഇയാളെ വിട്ടയച്ചു. ഇന്നലെ മറ്റ് രണ്ടു ബന്ധുക്കൾക്കൊപ്പം വീണ്ടും വിളിച്ചു വരുത്തി വിശദമായി ചോദ്യംചെയ്തു.
മറ്റു രണ്ടു ബന്ധുക്കളെയും വിട്ടയച്ചെങ്കിലും മൂന്നാമനെ പൊലീസ് പിടിച്ചിരുത്തി ചോദ്യം ചെയ്തു. തെളിവുകൾ ഓരോന്നായി നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. തനിക്ക് കൈയബദ്ധം പറ്റിയെന്ന് പറഞ്ഞ് പ്രതി പൊട്ടിക്കരഞ്ഞു. അച്ഛന്റെയും അമ്മയുടെയും പരിചരണം വേണ്ടവിധം ലഭിക്കാത്ത കുഞ്ഞ് ബന്ധുക്കൾക്കൊപ്പമായിരുന്നു ഏറിയ സമയവും. ഇത് പ്രതി മുതലെടുത്ത് എന്നാണ് പൊലീസിന്റെ നിഗമനം. ബന്ധുക്കളോടായിരുന്നു കുഞ്ഞിന്റെ അടുപ്പമെന്ന് അമ്മ പൊലീസിനോട് പറഞ്ഞതായും വിവരമുണ്ട്. പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. അന്വേഷണത്തിനായി പുത്തൻകുരിശ് ആലുവ ഡിവൈഎസ്പി മാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു.
