തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് നാളെ (ജൂണ്‍ 16) തിരിതെളിയുകയാണ്. ലോകമെമ്പാടുമുള്ള മലയാളികളെ ഏഴ് ഭൂമിശാസ്ത്ര മേഖലകളായി തിരിച്ച് അവരുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ക്കൊപ്പം കേരളത്തിന്റെയും പ്രവാസികളുടെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരുമിച്ചു ചേരുന്നുവെന്നതാണ് ഈ കൂട്ടായ്മയുടെ സവിശേഷത. പ്രവാസിമലയാളികളുടെ ആഗോളസഹകരണവും കൂട്ടായ്മയും ഉറപ്പാക്കുകയും കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിനായി ആ കൂട്ടായ്മയെ സമന്വയിപ്പിക്കുകയുമാണ് ലക്ഷ്യം. കേരളവികസനത്തിന് ക്രിയാത്മക നിര്‍ദ്ദേശങ്ങളും സംഭാവനകളും നല്‍കുന്നതിനും പ്രവാസികളുടെ വിഷയങ്ങള്‍ മുഖ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ജനാധിപത്യത്തിന്റെ ഒരു വികസിത ബൗദ്ധികതലം എന്ന നിലയില്‍ കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലൂടെ ലോകകേരള സഭ അതിന്റെ പ്രസക്തി തെളിയിച്ചു കഴിഞ്ഞു.
ലോകമലയാളികളുടെ കൂട്ടായ്മ ശക്തിപ്പെട്ടതിന്റെ നേട്ടങ്ങള്‍ പ്രളയം, കോവിഡ്, യുക്രൈന് യുദ്ധം തുടങ്ങിയ സാഹചര്യങ്ങളില്‍ കേരളത്തിന് നേരിട്ട് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
ലോകകേരള സഭയില്‍ 351 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് ഈ സഭ. പ്രവാസികളില്‍ ഇന്ത്യക്ക് പറത്തുള്ളവര് 104 പേരും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 36 പേരും തിരിച്ചെത്തിയവര്‍ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ വിവിധ പ്രവാസമേഖലയിലെ പ്രമുഖര്‍ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാവും.
നാളെ വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലെ നിശാഗന്ധിയില്‍ നടക്കുന്ന പൊതുസമ്മേളനം അകംകേരളത്തിന്റെയും അതിന്റെ നട്ടെല്ലായി നിലകൊള്ളുന്ന പുറംകേരളത്തിന്റെയും ഒരു സംഗമമായിരിക്കും. കേരളത്തിന്റെ വൈജ്ഞാനിക-സാംസ്കാരിക പ്രൗഢിയും തനിമയും വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടിയും അരങ്ങേറും. തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി നിയമസഭാ മന്ദിരത്തില്‍ എട്ട് വിഷയാധിഷ്ഠിത ചര്‍ച്ചകളാണ് നടക്കുന്നത്.
പ്രവാസികളോടുള്ള കേരളത്തിന്റെ പ്രതിബദ്ധതയുടെയും കടപ്പാടിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ലോകകേരള സഭ എന്ന ആശയം. പതിറ്റാണ്ടുകളുടെ മലയാളി പ്രവാസാനുഭവം ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും വിലമതിക്കാനാവാത്ത സമ്പത്താണ്. കഴിവും വൈദഗ്ദ്ധ്യവും ആശയഗരിമയും എല്ലാം സമ്മേളിക്കുന്ന ആ വിഭവശേഷിയെ വേണ്ടവണ്ണം ഈ മണ്ണിലേക്ക് ആവാഹിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കിക്കൊണ്ട് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നാമനിര്‍ദ്ദേശത്തിലൂടെ ലോകേരളസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്നിലൊന്ന് പേര് വിരമിക്കുകയും പുതിയ അംഗങ്ങള്‍ക്ക് കടന്നു വരാന്‍ അവസരം ഒരുങ്ങുകയും ചെയ്യും. ഇന്ത്യന്‍ പൗരന്മാരല്ലാത്ത കേരളീയരുടെ അഭിപ്രായങ്ങളും ആശയങ്ങളും പോലും നാം പ്രയോജനപ്പെടുത്തുന്നുണ്ട്. പൗരത്വമുള്ളവര്‍ക്ക് മാത്രമായി ലോകകേരള സഭാ അംഗത്വം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പൗരന്മാരല്ലാത്ത കേരളീയരെയും മറ്റു നിലകളില്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവാന്‍ സ്വാഗതം ചെയ്യുന്നുണ്ട്.
കേരളസഭാ നേതാവ് മുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷ നേതാവുമെന്ന നിലയില്‍ ജനാധിപത്യത്തിന് കൂടുതല്‍ തുറസ്സുകള്‍ സൃഷ്ടിച്ചുകൊണ്ട് ജനാധിപത്യപ്രക്രിയയെ ലോകകേരള സഭ കൂടുതല്‍ സമ്പന്നമാക്കുന്നു. ഒരുപക്ഷെ ലോകത്തില്‍ തന്നെ ഇത്തരമൊരു മാതൃക അപൂര്‍വമായിരിക്കും.
അകംകേരളവും പുറംകേരളവും കൈകോര്‍ത്തുകൊണ്ട് കൂടുതല്‍ ശോഭനമായ ഭാവിയിലേക്ക് ചുവുവയ്ക്കാനുള്ള മാര്‍ഗങ്ങളാണ് മൂന്നാം ലോകകേരള സഭ ചര്‍ച്ച ചെയ്യുന്നത്. എട്ട് വിഷയമേഖലകളെ വിലയിരുത്തുന്നവര്‍ക്ക് ഇത് വേഗത്തില്‍ ബോധ്യപ്പെടും. വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ രൂപീകരണത്തില്‍ പ്രവാസി ഇടപെടലിന്റെ സാധ്യതകള്‍, നവകേരള നിര്‍മാണത്തിന് സഹായകമാവുന്ന പ്രവാസിനിക്ഷേപസാധ്യതകള്‍ എന്നിവയാണ് ആദ്യ രണ്ട് വിഷയമേഖലകള്‍. പ്രവാസികളുടെ വൈദഗ്ദ്ധ്യത്തെയും സാധ്യതകളെയും കേരളത്തിന് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കുമെന്നതിനൊപ്പം പ്രവാസി നിക്ഷേപങ്ങള്‍ വിജയകരമാക്കാനുള്ള ആശയങ്ങളും ഈ ചര്‍ച്ചയില്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാവി പ്രവാസം-നൈപുണ്യ വികനസവും പുതിയ തൊഴിലിടങ്ങളും എന്നാതാണ് മൂന്നാമത്തെ വിഷയം. ആഗോളതൊഴില്‍ വിപണിയുടെ പുതിയ പ്രവണതകള്‍ വിശകലനം ചെയ്തുകൊണ്ട് ഗുണമേന്മയുള്ള പ്രവാസത്തെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ഇവിടെ ചര്‍ച്ചയാവും. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തീര്‍ച്ചയായും ഈ സമ്മേളനത്തിന്റെ മുഖ്യവിഷയമാണ്. സര്‍ക്കാരിന്റെ പ്രവാസികള്‍ക്കായുള്ള പദ്ധതികളുടെ വിലയിരുത്തല്‍-പ്രവാസി പുനരധിവാസം വെല്ലുവിളികളും നൂതനാശയങ്ങളും എന്ന വിഷയം ഈ മേഖലയെ കേന്ദ്രീകരിച്ചുള്ളതാണ്.
അതൊടൊപ്പം വിദേശത്ത് നാടുകളില്‍ പ്രവാസികള്‍ നേരിടുന്ന വ്യത്യസ്തങ്ങളായ സാഹചര്യങ്ങളും ചര്‍ച്ചയാവും. പ്രവാസവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും അന്താരാഷ്ട്ര സംഘടനകളുമായി സഹകരണസാധ്യതകള്‍ എന്ന വിഷയം ആ മേഖലയെ അഭിസംബോധന ചെയ്യുന്നതാണ്. സ്ത്രീ കുടിയേറ്റത്തിന്റെ ഭാവി സാധ്യതള്‍ മൂന്നാം സഭയുടെ ഒരു പ്രധാന ചര്‍ച്ചാ കേന്ദ്രമാണ്. പ്രവാസവും സാംസ്കാരിക വിനിമയ സാധ്യതകളും, ഇതര സംസ്ഥാന മലയാളികളുടെ പ്രശ്നങ്ങള്‍ എന്നിവയും വിഷയമേഖലകളില്‍ ഉള്‍പ്പെടുന്നു.
ഒന്ന്, രണ്ട് ലോക കേരള സഭകള്‍
ലോകകേരള സഭയുടെ പ്രഥമ സമ്മേളനം 2018 ജനുവരി 12, 13 തീയിതകളാണ് ചേര്‍ന്നത്. ആ സമ്മേളന തീരുമാനങ്ങളില്‍ മുഖ്യമായതായിരുന്നു ലോക കേരള സഭ സെക്രട്ടറിയേറ്റ് രൂപീകരിക്കുക, ഏഴ് വിഷയ മേഖല സ്റ്റാന്റിംഗ് കമ്മിറ്റികള്‍ രൂപീകരിക്കുക എന്നിവ. വിവിധ മേഖലകളിലെ വിദ്ഗധരെ ഉള്‍പ്പെടുത്തി വിവിധ വിഷയങ്ങളെക്കുറിച്ച് പഠനം നടത്തി കേരളത്തിന്റെ തനത് സാഹചര്യങ്ങള്‍ ക്കൂടി കണക്കിലെടുത്ത് പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ഉദ്ദേശം. ഇവ രണ്ടും നിലവില്‍ വന്നിട്ടുണ്ട്.
ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെ ഒരു പ്രത്യേക ഓഫീസ് നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിച്ചു വരുന്നു്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരുടെ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ശുപാര്‍ശകളില്‍ താഴെ പറയുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
• ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് & ഹോള്‍ഡിങ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്കരിച്ചു.
• കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം ക്ലിപ്തം 4499 പ്രവര്‍ത്തനം ആരംഭിച്ചു.
• വനിതകളുടെ സുരക്ഷിത കുടിയേറ്റത്തിനായി നോര്‍ക്ക റൂട്ട്സില്‍ എന്‍.ആര്.കെ വനിതാ സെല്‍ രൂപീകരിച്ചു.
• മനുഷ്യക്കടത്തും തൊഴില്‍ ചൂഷണവും തടയുന്നതിന് എയര്‍പ്പോര്‍ട്ടുകളില്‍ migration facilitation cetnre, പാസ്പ്പോര്‍ട്ട് ഓഫീസുകളില്‍ Pre embarkment orientation centers നിലവില്‍ വന്നു.
• കുടിയേറ്റവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും CENTRE FOR DEVELOPMENT STUDIES (CDS) ല്‍ അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രം സ്ഥാപിച്ചു.
• പ്രവാസി ആനുകാലിക പ്രസിദ്ധീകരണം ‘ലോക മലയാളം’ ആരംഭിച്ചു.
രണ്ടാം ലോക കേരള സഭ 2020 ജനുവരി 1,2,3 തീയതികളിലായി തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ നടന്നു. ഈ സമ്മേളനത്തില്‍ ജിസിസി , സാര്‍ക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ, മറ്റ് രാജ്യങ്ങളിലും 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്തു.
പ്രസ്തുത സമ്മേളനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരിഗണയില്‍ വരത്തക്ക അകെ 209 ശുപാര്‍ശകള്‍ ഉരുത്തിരിഞ്ഞുവന്നിരുന്നു. പ്രായോഗികമല്ലാത്തതും ആവര്‍ത്തന സ്വഭാവമുള്ള ശുപാര്‍ശകളെ ഒഴിവാക്കി ശുപാര്‍ശകളെ 209 ല്‍ നിന്നും 156 ആയി പുനക്രമീകരിച്ചു. ശുപാര്‍ശകളി•േല്‍ തുടര്‍ നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൈക്കൊണ്ടുവരുന്നു.
ലോക കേരള സഭ ഒരു സ്ഥിരം സംവിധാനം എന്ന നിലയില്‍ രണ്ടാം ലോക കേരള സഭയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നിയമ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ഒരു കരട് ബില്‍ ചര്ച്ചചെയ്യ്തിരുന്നു. പ്രസ്തുത ബില്‍ നിയമസഭയുടെ പരിഗണനക്ക് സമര്‍പ്പിക്കാനുള്ള നടപടി പുരോഗമിച്ചുവരുന്നു.
നോര്‍ക്കയുടെ കാല് നൂറ്റാണ്ട്
പ്രവസികള്‍ക്ക് വേണ്ടി ഒരു ഇന്ത്യന്‍ സംസ്ഥാനത്തില്‍ ആദ്യമായി പ്രത്യേക വകുപ്പ് രൂപീകൃതമായത് കേരളത്തിലാണ്. 1996 ഡിസംബര്‍ ആറിന് നിലവില്‍ വന്ന നോര്‍ക്ക പ്രവര്‍ത്തന പാന്ഥാവില് 25 വര്‍ഷം പിന്നിടുന്ന വേളയിലാണ് മൂന്നാം ലോകകേരള സഭ സമ്മേളിക്കുന്നത്.
നിലവിലുള്ള പദ്ധതികള്‍ സജീവായി മുന്നോട്ടു കൊണ്ടുപോകന്നതിനൊപ്പം കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ പല പദ്ധതികളും നോര്‍ക്ക ആവിഷ്കരിച്ചു വരുന്നുണ്ട്.
വ്യത്യസ്തമായ വിതാനങ്ങളിലേക്ക് ഇ്ന്ന് പ്രവാസം വിപുമായിക്കൊണ്ടിരിക്കുകയാണ്. പുതിയ കുടിയേറ്റ സംസ്കാരം ആഗോളതലത്തില്‍ തന്നെ രൂപപ്പെട്ടിരിക്കുന്നു. സവിശേഷമായ രീതികള്‍ മനസ്സിലാക്കാതെ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.
പ്രവാസി സാന്ദ്രത കൂടിയ കേരളത്തില്‍ ആ മേഖലയിലെ പുതിയ പ്രവണതകള്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു ദേശീയ മൈഗ്രേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. കേരളമാണ് ഇതിന് ഏറ്റവും ഉചിതമായ സ്ഥലമെന്ന് വിദേശകാര്യമന്ത്രാലയം പ്രതിനിധികള്‍ തന്നെ അറിയിച്ചിരിക്കുകയണ്. ഇത്തരമൊരു സമ്മേളനം വിളിച്ചു ചേര്‍ത്ത് ഈ മേഖലയിലെ വിശദാംശങ്ങള്‍ സമാഹരിക്കാനും പരാതികളും നിര്‍ദ്ദേശങ്ങളും മനസിലാക്കാനും ഒരു മൈഗ്രേഷന്‍ പോളിസി രൂപീകരിക്കാനും ശ്രമിക്കും.
കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ ലക്ഷ്യം വച്ച് ഒരു പരിരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി യും പരിഗണനയിലാണ്. കുടുംബത്തെ നാട്ടില്‍ വിട്ട് വിദേശത്ത് കഴിയുന്നവര്‍ക്കു വേണ്ടിയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. പ്രവാസികളെയും കുടുംബാംഗങ്ങളെയും പരിരക്ഷയില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.
പ്രവാസികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് മറ്റൊരു പ്രധാന ചുവടുവയ്പ്പ്. ലോകത്തിന്റെ ഏതു ഭാഗത്തുള്ള മലയാളിയുടെയും വിവരങ്ങള്‍ ഒരു ക്ലിക്കില്‍ ലഭ്യമാക്കാനുള്ള വലിയ സംരംഭമാണിത്. ലോകമലയാളികളുടെ ഏകീകരണം വെച്ചുകൊണ്ടുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാനുള്ള മികച്ച മുതല്‍ക്കൂട്ടായിരിക്കും.
നോര്ക്കയുടെയെും അതിന്റെ ഫീല്‍ഡ് ഏജന്‍സിയായ നോര്‍ക്ക റൂട്ട്സിന്റെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രമാക്കുന്നതിന് ലോകകേരളസഭാംഗങ്ങളുടെ അഭിപ്രായങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നു കൂടി ഈ അവസരത്തില്‍ ഉറപ്പു നല്കുന്നു.
