മനാമ: ബഹ്റൈനിൽ നടന്നു വന്ന മൂന്നാമത് നാസർ ബിൻ ഹമദ് സൈക്ലിങ് ടൂർ സമാപിച്ചു. മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടന്നത്. ബഹ്റൈൻ സൈക്ലിങ് അസോസിയേഷന്റെ പിന്തുണയോടെ ഫാൽയാത് ആണ് നാലു ദിവസങ്ങളിലായി നടന്ന സൈക്ലിങ് ടൂർ സംഘടിപ്പിച്ചത്. സമൂഹത്തിൽ സൈക്ലിങ് പ്രോത്സാഹിപ്പിക്കുക, ഇതിന്റെ ഗുണപരമായ വശങ്ങൾ ഉയർത്തിക്കാട്ടുക എന്നിങ്ങനെയുള്ള നിരവധി ലക്ഷ്യങ്ങളോടെയാണ് പരിപാടി നടന്നത്.
അമേച്വർ സൈക്ലിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും പൊതുജനാരോഗ്യം സംബന്ധിച്ച കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുന്നതിനും ടൂർ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. യുവ പ്രതിഭകളെ കണ്ടെത്തി ദേശീയ ടീമുകളിൽ ഉൾപ്പെടുത്താനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. പ്രാദേശിക അമേച്വർ സൈക്ലിസ്റ്റുകളുടെ വിപുലമായ പങ്കാളിത്തത്തോടെയാണ് കഴിഞ്ഞ രണ്ട് എഡിഷനുകളും നടന്നത്. നാല് വ്യത്യസ്ത ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. വനിതകൾക്കായുള്ള മത്സരവുമുണ്ടായിരുന്നു. വിജയികൾക്ക് 40,000 ദീനാറിെൻറ കാഷ് പ്രൈസുകളാണ് സമ്മാനമായി നൽകിയത്.