പട്ന: പ്രതിപക്ഷ പാർട്ടികൾക്കിടയിൽ പ്രത്യയശാസ്ത്ര ഐക്യം ഉണ്ടാകാതെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ നേരിടാൻ പര്യാപ്തമാകണം പ്രതിപക്ഷത്തിന്റെ പ്രത്യയശാസ്ത്രം. ഗാന്ധിയൻ, സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ്, അംബേദ്കറൈറ്റ് പാർട്ടികൾ തമ്മിൽ പ്രത്യയശാസ്ത്രപരമായ ഐക്യം സൃഷ്ടിക്കുക എന്നതാണ് പ്രതിപക്ഷം നേരിടുന്ന വെല്ലുവിളി.
ഹിന്ദുത്വം, ദേശീയത, ക്ഷേമരാഷ്ട്രവാദം എന്നിവയാണ് ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര ശക്തികൾ. ഇതിൽ രണ്ടെണ്ണത്തിലെങ്കിലും ബി.ജെ.പിയെ വെല്ലുവിളിക്കാതെ പ്രതിപക്ഷത്തിന് ജയിക്കാനാവില്ല.
പ്രതിപക്ഷ പാർട്ടികൾ സ്വന്തം പ്രത്യയശാസ്ത്രങ്ങൾ അന്ധമായി പിന്തുടർന്നാൽ ബിജെപിക്കെതിരെ യോജിച്ച പോരാട്ടം അസാധ്യമാണ്. വേണ്ടത് പ്രത്യയശാസ്ത്രപരമായ ഏകോപനമാണ്, പാർട്ടികളും നേതാക്കളും തമ്മിലുള്ള ഐക്യമല്ല. നേതാക്കൾ ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ ചായ കുടിക്കുകയോ ചെയ്തതുകൊണ്ട് മാത്രം പ്രതിപക്ഷ ഐക്യം ഉണ്ടാകില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.