ന്യൂഡൽഹി: ഡൽഹിയും എൻസിആറും (ദേശീയ തലസ്ഥാന മേഖല) തിങ്കളാഴ്ച മുതൽ അതിശൈത്യത്തിന് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോർട്ട്. കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 10.2 ഡിഗ്രി സെൽഷ്യസാണ്.
ജനുവരി 16 നും 18 നും ഇടയിൽ ഡൽഹിയുടെ പല ഭാഗങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആയാ നഗറിലും റിഡ്ജിലും കുറഞ്ഞ താപനില 3 ഡിഗ്രി വരെ ആകാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്തരേന്ത്യയെ കടുത്ത തണുപ്പിലേക്ക് തള്ളിവിട്ട ശൈത്യകാല തരംഗത്തിന് വരും ദിവസങ്ങളിലും ശമനമുണ്ടാകില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തണുപ്പ് കാരണം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആളുകൾ കൂടുതൽ നേരം പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി നിലനിർത്താൻ വിറ്റാമിൻ-സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാനും ചെറുചൂടുള്ള വെള്ളം കുടിക്കാനും അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചു.