ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ വിമര്‍ശിക്കുന്നതില്‍ ഷാങ്ഹായ് കോപ്പറേഷന് ഓര്ഗനൈസേഷന് മടി കാണിക്കരുതെന്നും മോദി മുന്നറിയിപ്പ് നല്കി. ഷാങ്ഹായ് കോപ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിയുടെ വിര്‍ച്വല്‍ സെക്ഷനില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പാകിസ്ഥാനെതിരെ മോദി പരോക്ഷ പരാമര്‍ശം നടത്തിയത്. പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ സാന്നിധ്യത്തിലാണ് മോദി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ചിന് പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
‘ചില രാജ്യങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ആയുധമാക്കുകയാണ്. ഇത് രാജ്യത്തിന്റെ നയത്തിന്റെ ഭാഗമാക്കിയാണ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതില്‍ ഷാങ്ഹായ് കോപ്പറേഷന് ഓര്ഗനൈസേഷന് മടിച്ചുനില്‍ക്കേണ്ടതില്ല’- മോദി പറഞ്ഞു.
ഭീകരവാദം മേഖലയ്ക്കും ആഗോള സമാധാനത്തിനും ഭീഷണിയാണ്. ഭീകരവാദത്തെ നേരിടുന്നതിന് ശക്തമായ നടപടികള്‍ ആവശ്യമാണ്. ഏത് തരത്തിലുള്ള ഭീകരവാദമായാലും അതിനെതിരെ എല്ലാവരും ഒരുമിച്ച് നിന്ന് പോരാടണമെന്നും മോദി ആവശ്യപ്പെട്ടു.
ലോകം നേരിടുന്ന മറ്റു വെല്ലുവിളികളും മോദി പ്രതിപാദിച്ചു. ഭക്ഷ്യ, ഇന്ധന, വള പ്രതിസന്ധി എല്ലാ രാജ്യങ്ങളും നേരിടുന്നുണ്ട്. സംഘര്‍ഷങ്ങള്‍, പകര്‍ച്ചവ്യാധികള്‍ അടക്കമുള്ള പ്രശ്നങ്ങളാണ് ഈ പ്രതിസന്ധികള്‍ക്ക് കാരണം. ഇതിനെതിരെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും മോദി ഓര്‍മ്മിപ്പിച്ചു.
2017ലാണ് ഇന്ത്യ എസ്സിഒയില് സ്ഥിരാംഗമായത്. കൂട്ടായ്മയുടെ ഭാഗമാകുന്ന ഇറാന് മോദി ആശംസ നേര്‍ന്നു. ഉച്ചകോടിക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്.