കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന് ശേഷം സൂപ്പർ കപ്പിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് തുടക്കത്തിൽ തന്നെ തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ ടൂർണമെന്റിൽ കളിക്കില്ല. കേരള ബ്ലാസ്റ്റേഴ്സാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ അഡ്രിയാൻ ലൂണയ്ക്ക് ദീർഘകാല അവധി അനുവദിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു.
“സൂപ്പർ കപ്പിൽ ലൂണയുടെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്ന് ക്ലബ് മനസ്സിലാക്കുന്നു. എന്നാൽ അഡ്രിയാൻ ലൂണയ്ക്ക് അവധി എത്രമാത്രം അത്യാവശ്യമാണെന്ന് ക്ലബ് മനസിലാക്കുന്നു. വൈകാതെ അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കാം.” കേരള ബ്ലാസ്റ്റേഴ്സ് ഫേസ്ബുക്കിൽ കുറിച്ചു.
ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡിലെ നിർണായക സാന്നിധ്യമായ അഡ്രിയാൻ ലൂണയുടെ അഭാവം സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും. കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച അദ്ദേഹം കഴിഞ്ഞ സീസണിൽ നാല് ഗോളുകൾ നേടിയിട്ടുണ്ട്. 2021-22 സീസണിൽ ബ്ലാസ്റ്റേഴ്സിനായി 23 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും ഏഴ് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.