
കോഴിക്കോട്: കട്ടിപ്പാറയിൽ ആത്മഹത്യ ചെയ്ത സ്കൂൾ അദ്ധ്യാപിക അലീന ബെന്നിയുടെ നിയമനം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്.
താമരശ്ശേരി രൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന് വീഴ്ച പറ്റിയെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ സൂചനയുണ്ട്. റിപ്പോർട്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി.
കട്ടിപ്പാറ നസ്രത്ത് എൽ.പി. സ്കൂളിലായിരുന്നു അലീനയ്ക്ക് ആദ്യം നിയമനം നൽകിയത്. എന്നാൽ ഈ തസ്തികയിലേക്ക് ആശ്രിത നിയമനത്തിന് അവകാശപ്പെട്ട മറ്റൊരാൾ വന്നതോടെ നിയമനം സ്ഥിരപ്പെടുത്താൻ സാധിക്കാതെവന്നു. തുടർന്നാണ് കഴിഞ്ഞ വർഷം ജൂണിൽ കോടഞ്ചേരിയിലേക്ക് മാറ്റിയത്. കോടഞ്ചേരി സെന്റ്. ജോസഫ് എൽ.പി. സ്കൂളിലെ നിയമനവും വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ല. ഭിന്നശേഷി സംവരണമാണ് ഇവിടെ നിയമനത്തിന് തടസ്സമായതെന്ന് അറിയുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റി എന്നായിരുന്നു മാനേജ്മെന്റ് ആരോപിച്ചിരുന്നത്. സ്ഥിരനിയമനത്തിനുള്ള അപേക്ഷ നല്‍കിയിരുന്നെന്നും എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെട്ടില്ലെന്നുമായിരുന്നു മാനേജ്മെന്റിന്റെ വാദം. എന്നാല്‍ മാനേജ്മെന്റിന്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
