മന്ത്രി എം.വി ഗോവിന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെ മന്ത്രിസഭയിൽ വലിയ അഴിച്ചുപണിക്ക് സാധ്യത. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞത്. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് അടുത്ത സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമുണ്ടാകും. എം.വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന എക്സൈസ്, തദ്ദേശസ്വയംഭരണം എന്നീ സുപ്രധാന വകുപ്പുകൾ ആരു ഏറ്റെടുക്കുമെന്ന് ഉടൻ തീരുമാനമാകും.
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ പടിയിറങ്ങിയതിന് പിന്നാലെയാണ് മന്ത്രി എംവി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി എന്നിവർ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് സെക്രട്ടറി സ്ഥാനം സ്വയം ഒഴിഞ്ഞത്. പുതിയ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി വിശ്രമത്തില്‍ കഴിയുന്ന കോടിയേരിയെ രാവിലെ സിപിഐഎം നേതാക്കള്‍ എകെജി ഫ്ലാറ്റിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബി എന്നിവരാണ് കോടിയേരിയെ സന്ദര്‍ശിക്കാനെത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ച ശേഷമാണ് നേതാക്കള്‍ കോടിയേരിയുടെ ഫ്ലാറ്റിൽ എത്തിയത്. തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് പുതിയ സെക്രട്ടറി തീരുമാനം.