
തിരുവനന്തപുരം: കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയെ കുടുക്കിയെന്ന എസ് എഫ് ഐ ആരോപണം തള്ളി പൊലീസ്. അറസ്റ്റിലായവർ കേസിൽ പങ്കുള്ളവർ തന്നെയാണെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും തൃക്കാക്കര എസിപി ബേബി വിശദീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരെ അടക്കം അറിയിച്ചാണ് റെയ്ഡ് നടത്തിയത്. ഹോസ്റ്റലിൽ മറ്റു കുട്ടികളും ഉണ്ടായിരുന്നു. എന്നാൽ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. നിലവിൽ പിടിയിലായവർക്ക് കേസുമായി കൃത്യമായ ബന്ധമുണ്ട്. പൂർവ്വ വിദ്യാർത്ഥികൾക്ക് അടക്കം കേസിൽ പങ്കുണ്ടെന്നും കോളേജ് അധികാരികളെ രേഖാമൂലം അറിയിച്ച ശേഷമാണ് പരിശോധന നടന്നതെന്നും പൊലീസ് അറിയിച്ചു.
കളമശേരി പോളീടെക്നിക്ക് ഹോസ്റ്റൽ അരിച്ചു പെറുക്കിയുള്ള പരിശോധകൾക്കൊടുവിലാണ് മൂന്ന് വിദ്യാർത്ഥകളെ പൊലീസ് അറസ്റ്റ് ചെയ്തത്. എസ് എഫ് ഐ നേതാവും പോളിടെക്നിക്ക് യൂണിയൻ ജനറൽ സെക്രട്ടറിയുമായ കരുനാഗപള്ളി സ്വദേശി അഭിരാജ്, അഭിരാജിന്റെ മുറിയിൽ താമസിക്കുന്ന ആദിത്യൻ, താഴെ നിലയിൽ താമസിക്കുന്ന ആകാശ് എന്നിവരാണ് പിടിയിലയത്. അഭിരാജിന്റെയും ആദിത്യന്റെയും മുറിയിൽ നിന്ന് 9.70 ഗ്രാം കഞ്ചാവും ആകാശിന്റ മുറിയിൽ നിന്ന് രണ്ട് കിലോയ്ക്ക് അടുത്ത് കഞ്ചാവുമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് വിശദീകരിച്ചു. റെയ്ഡിൽ അളവ് തൂക്ക ഉപകരണവും, കഞ്ചാവ് വലിക്കുന്ന ഉപകരണവും, മദ്യ കുപ്പികളും പിടിച്ചെടുത്തതായും അന്വേഷണ സംഘം വിശദീകരിച്ചു.
