മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് 10 ഓളം പെട്രോള്‍ പമ്പുകളില്‍ മോഷണം നടത്തിയ പ്രതിയെ മോഷണ ശ്രമത്തിനിടെ മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പലം പെട്രോള്‍ പമ്പില്‍ നിന്നും നാട്ടുകാരുടെ സഹായത്തോടെ കൊണ്ടോട്ടി പോലീസ് പിടികൂടി. തൃശ്ശൂര്‍ ചേലക്കര സ്വദേശി പുതുവീട്ടില്‍ അബ്ദുല്‍ റഹീം (28) എന്ന മുള്ളന്‍ റഹീമാണ് പിടിയിലായത്. ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി 30 ഓളം കേസുകള്‍ ഉണ്ട്. കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ.എം ബിജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘം ഇയാളെ ചോദ്യം ചെയ്തതില്‍ കൊണ്ടോട്ടി, മുക്കം, കുന്ദമംഗലംഎടവണ്ണ, എടവണ്ണപ്പാറ, കാരക്കുന്ന്, മുള്ളമ്പാറ, തുടങ്ങിയ സ്ഥലങ്ങളിലെ 10 ഓളം പെട്രോള്‍ പമ്പുകളില്‍ നടന്ന മോഷണങ്ങള്‍ക്കും 4 ഓളം ബൈക്ക് മോഷണങ്ങള്‍ക്കും തുമ്പായി.
ഒരു കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി രണ്ടാം ദിവസം തന്നെ മോഷണം ആരംഭിക്കുകയായിരുന്നു. ഏകദേശം 3 ലക്ഷത്തോളം രൂപയും 2 ലാപ് ടോപ്പുകളും മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടിച്ച ബൈക്കുകളുപയോഗിച്ചാണ് പെട്രോള്‍ പമ്പുകളില്‍ മോഷണം നടത്തുന്നത്. ആഭരണങ്ങളും മൊബൈല്‍ ഫോണുകളും ജനല്‍ വഴിയും മോഷണം നടത്താറുണ്ട്. എസ്.ഐമാരായ വിനോദ് വലിയാറ്റൂര്‍, സുരേഷ്, അജയ്, പ്രത്യേക അന്വേഷണ സംഘത്തിലെ സത്യനാഥന് മനാട്ട്, മുരളി, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത്, ശ്രീകുമാര്‍ , പി. സഞ്ജീവ്, കൃഷ്ണകുമാര്‍ , മനോജ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.