
കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിൽ നിന്ന് 26 പവൻ മോഷ്ടിച്ചകേസിൽ ജോലിക്കാർ ഉൾപ്പെടെ അഞ്ചുപേരെ ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവമായി അടുത്തിടപഴകിയിരുന്ന ചിലരെ പൊലീസ് ചോദ്യംചെയ്തിരുന്നു. അതിനുപിന്നാലെയാണ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്. എം.ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സെപ്തംബർ 29, 30 ദിവസങ്ങളിൽ എം.ടിയും ഭാര്യ സരസ്വതിയും വീട്ടിലില്ലാത്ത സമയത്താണ് മോഷണമെന്ന് പരാതിയിൽ പറയുന്നു. അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി അറിയുന്നത്. സ്ഥലം മാറി വച്ചതാവാമെന്ന് കരുതിയാണ് പരാതി നൽകാൻ വൈകിയത്. അലമാര കുത്തിപ്പൊളിച്ച ലക്ഷണമില്ല. അലമാരയ്ക്ക് സമീപം സൂക്ഷിച്ച താക്കോലെടുത്ത് തുറന്നായിരിക്കാം മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.
