തൃശ്ശൂര്‍: പൂരപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്. ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ അനുമതി നല്കിയപ്പോള് നല്കിയ നിബന്ധന തെറ്റിച്ചതിനാൽ താത്കാലികമായാണ് വിലക്ക്. ആനയുടെ 5 മീറ്റർ അടുത്തേക്ക് ആളുകളെ അടുപ്പിക്കരുതെന്ന നിബന്ധന തെറ്റിച്ചു. ജില്ലാ നാട്ടാന നിരീക്ഷണ സ്ഥിതിയുടെ അനുമതി വനം വകുപ്പാണ് താത്കാലികമായി റദ്ദാക്കിയത്. കർശന ഉപാധികൾ വെക്കണോ എന്ന് ആലോചിച്ച ശേഷം മാത്രം വീണ്ടും അനുമതി നല്‍കൂവെന്നാണ് സൂചന.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാഴ്ചശക്തി പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. നേരത്തെ നൽകിയ ഫിറ്റ്നസ് റിപ്പോർട്ടിൽ ആനയ്ക്ക് ഒരു കണ്ണിന് കാഴ്ചയില്ലെന്ന് പരാമർശിച്ചിട്ടില്ല. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ മാത്രമാണ് എഴുന്നള്ളിപ്പ് നടത്താനാണ് നേരത്തെ അനുമതി നല്‍കിയത്. ആഴ്ചയിൽ രണ്ട് തവണ മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ പാടുള്ളൂ. എഴുന്നള്ളിപ്പിന് കൊണ്ടു പോകുമ്പോൾ നാല് പാപ്പാൻമാര് ആനയ്ക്കൊപ്പം വേണമെന്നും നാട്ടാന നിരീക്ഷണസമിതി നിര്‍ദേശിച്ചിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.