ഒക്ടോബർ 25 ന് തിയേറ്ററുകൾ തുറക്കുന്നത് മുതൽ സെക്കന്റ് ഷോ അനുവദിക്കും. മന്ത്രി സജി ചെറിയാനും തിയേറ്റർ ഉടമകളും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. എക്സിബിറ്റേഴ്സ് മുന്നോട്ടു വച്ച ആവശ്യങ്ങളും പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചപ്പോൾ തന്നെ വളരെ പ്രധാനപ്പെട്ട ചില ആവശ്യങ്ങൾ തിയേറ്റർ ഉടമകൾ മുന്നോട്ടുവച്ചിരുന്നു. വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമായി കുറയ്ക്കുക, വിനോദ നികുതി ഒഴിവാക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് തിയറ്ററുടമകൾ സർക്കാരിന് മുന്നിൽ വച്ചിരുന്നത്.
തിങ്കളാഴ്ച തിയേറ്ററുകൾ തുറന്നാലും ഈ മാസം 28ന് അന്യഭാഷാ ചിത്രങ്ങൾ മാത്രമേ റിലീസ് ചെയ്യൂ. മലയാള സിനിമകളുടെ റിലീസ് അടുത്തമാസം നാലിലേക്ക് മാറ്റിയിട്ടുണ്ട്.50 ശതമാനം സീറ്റിങ് കപ്പാസിറ്റി അനുവദിക്കും. സിനിമ കാണാൻ എത്തുന്നവരും തിയേറ്റർ ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ എടുത്തെന്ന് ഉറപ്പുവരുത്തണം.