മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച പ്രതി താമിർ ജിഫ്രിയുടെ വയറിനുള്ളിൽ നിന്നും രണ്ട് ലഹരിമരുന്ന് പൊതികൾ കണ്ടെത്തി. പോസ്റ്റുമോർട്ടം ചെയ്തപ്പോൾ ആമാശയത്തിൽ നിന്നുമാണ് രണ്ട് പ്ലാസ്റ്റിക്ക് കവറുകൾ കിട്ടിയത്. ഇത് എംഡിഎംഎയാണോ എന്നാണ് സംശയം. പൊതികൾ പരിശോധനയ്ക്കായി ലാബിലേക്കയച്ചു. ജിഫ്രിന്റെ ശരീരത്തിൽ 13 പരിക്കുകളുണ്ടെന്നാണ് പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് അന്വഷണം ഉടനുണ്ടാകും. കസ്റ്റഡി മരണം ക്രെെംബ്രാഞ്ച് എസ്.പി അന്വേഷിക്കും. താനൂരിൽ കസ്റ്റഡിയിലുള്ള പ്രതി മരിച്ച സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
ലഹരിമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി(30)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. താമിർ ജിഫ്രിയെയും മറ്റ് നാല് പേരെയും എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പുലർച്ചെ 1.45 ഓടെയാണ് താനൂരില്‍ നിന്നും പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. ലോക്കപ്പിൽ വെച്ച് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്ന് പുലര്‍ച്ചെ കൂടെ ഉള്ളവർ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചെന്നുമാണ് പൊലീസ് വിശദീകരണം. ആശുപത്രിയിൽ എത്തിച്ച് അഞ്ചു മണിക്കൂറിനു ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണം ശക്തമാണ്. നടപടി ക്രമങ്ങളിലെ വീഴ്ച്ചയെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്. ലഹരി കേസ് നാർക്കോട്ടിക് ഡിവൈഎസ്പിയും അന്വേഷിക്കും. പ്രാഥമിക റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും അയച്ചിട്ടുണ്ടെന്നും എസ്പി സുജിത്ത് ദാസ് പറഞ്ഞിരുന്നു.