ബഹ്റൈച്ച്: വിവാഹ ചടങ്ങുകൾക്ക് വലിയ പ്രാധാന്യം നൽകുന്ന സമൂഹമാണ് നമ്മുടേത്. ഓരോ സമുദായത്തിനും വിവാഹത്തിന് അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഇതിനുപുറമെ, രജിസ്റ്റർ വിവാഹം ചെയ്യുന്ന ധാരാളം ആളുകളും ഇന്ന് ഉണ്ട്. എന്നാൽ, ഇതൊക്കെയാണെങ്കിലും, വിവാഹത്തിന് ഒരു വധുവും വരനും ഉണ്ടാകും, ഇല്ലേ? എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു വിവാഹമാണ് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ നടന്നത്. ആ വിവാഹത്തിലെ വധുവും വരനും മനുഷ്യരായിരുന്നില്ല.
ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ കൈസർഗഞ്ച് പ്രദേശത്താണ് ഇത്തരമൊരു വിചിത്രമായ വിവാഹം നടന്നത്. അവിടെ പതിവ് വിവാഹ ചടങ്ങുകൾ എല്ലാം ഉണ്ടായിരുന്നു. വിവാഹത്തിനായി പന്തൽ ഒരുക്കിയിരുന്നു. നൃത്തവും സംഗീതവും ഉണ്ടായിരുന്നു. ആചാരപ്രകാരം വിവാഹം നടത്താൻ പണ്ഡിറ്റുകൾ ഉണ്ടായിരുന്നു. വിഐപികൾ ഉൾപ്പെടെ 400 ലധികം അതിഥികൾ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു.
എന്നാൽ ഇവിടുത്തെ വരനും വധുവും ഒരു കിണറും പൂന്തോട്ടവും ആയിരുന്നു. പ്രദേശത്തെ ഡെപ്യൂട്ടി കളക്ടർ മഹേഷ് കുമാർ കൈതാലും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഗ്രാമത്തിലെ ഈ കിണർ വളരെ പഴക്കം ചെന്നതായിരുന്നു. എന്നാൽ കിണർ വറ്റിത്തുടങ്ങിയതോടെ, ഇത് എന്തോ അശുഭസൂചനയാണെന്ന് ആളുകൾ വിശ്വസിക്കാൻ തുടങ്ങി. ഗ്രാമത്തിലെ എല്ലാവരും ആശങ്കാകുലരായിരുന്നു. ഇതോടെ ഗ്രാമത്തിലെ 85-കാരിയായ കിഷോരി ദേവി കിണറിന്റെയും പൂന്തോട്ടത്തിന്റെയും വിവാഹം നിർദ്ദേശിക്കുകയായിരുന്നു. ഇത് മോശം കാര്യങ്ങൾ ഇല്ലാതാക്കുമെന്നായിരുന്നു വിശ്വാസം എന്ന് ഗ്രാമവാസിയായ ബ്രിജേഷ് സിങ് റാത്തോർ പറഞ്ഞു. അത് ഏറെപ്പേരും അംഗീകരിക്കുകയും ചെയ്തു.