കണ്ണൂർ: വൈദേകം റിസോർട്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവും വിജിലൻസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഉടൻ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.
കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി റിസോർട്ടിന്റെ മറവിൽ വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപ ഒഴുകിയതായി ഇ.ഡിക്ക് മുന്നിൽ പരാതിയുണ്ട്. റിസോർട്ടിൽ നാല് ലക്ഷം മുതൽ മൂന്ന് കോടി വരെ നിക്ഷേപിച്ച 20 പേരുടെ വിവരങ്ങളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഇ പി ജയരാജൻ വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് വൈദേകം റിസോർട്ടിന്റെ നിർമ്മാണം ആരംഭിക്കുകയും നിക്ഷേപം ഒഴുകുകയും ചെയ്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തും നിരവധി പേരെ ഭീഷണിപ്പെടുത്തിയുമാണ് നിക്ഷേപം വാങ്ങിയതെന്നാണ് ആരോപണം. റിസോർട്ടിനായി പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടൽ നടത്തിയതിനാൽ കേസെടുക്കേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു.
ഇതുസംബന്ധിച്ച് പി.ജയരാജൻ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയപ്പോൾ രേഖാമൂലം നൽകിയാൽ അന്വേഷണം നടത്തുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. പാർട്ടിക്ക് സ്വന്തമായി കോടതിയും അന്വേഷണ ഏജൻസികളും ഉണ്ടെങ്കിലും അഴിമതി അന്വേഷിച്ചിട്ടില്ല. വൈദേകം റിസോർട്ടിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് വിജിലൻസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയിരുന്നില്ല.