മനാമ : അടിയന്തിര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് വരേണ്ട പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. കുടുംബത്തില്‍ മരണമോ മറ്റ് അത്യാഹിതങ്ങളോ നടന്നാല്‍ അത്തരക്കാര്‍ക്ക് പി സി ആര് ടെസ്റ്റ് ഇല്ലാതെ ഇന്ത്യയിലേക്ക് വരാന്‍ ഉണ്ടായിരുന്ന ഇളവാണ് നിര്‍ത്തലാക്കിയത്.
എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് വരുന്നത്. എഴുപത്തി രണ്ടു മണിക്കൂറിനിടെയുള്ള പി സി ആര് നെഗറ്റീവ് റിസള്‍ട്ട് അപ്പ്ലോഡ് ചെയ്യുകയും വേണം. കുടുംബത്തില്‍ അത്യാഹിതം നടന്നാല്‍ പ്രവാസികള്‍ക്ക് ഉടന്‍ വിമാനം കയറാന്‍ കഴിയില്ല
പി സി ആര് ടെസ്റ്റ് എടുത്ത് റിസള്‍ട്ട് വരുന്നത് വരെ കാത്തിരിക്കണം. ദുബായ് എയര്‍ പോര്‍ട്ട് ടെര്‍മിനല്‍ ത്രീയിലും ഷാര്‍ജ എയര്‍ പോര്‍ട്ടിലും മൂന്ന് മണിക്കൂര്‍ കൊണ്ട് പി സി ആര് ടെസ്റ്റ് റിസള്‍ട്ട് കിട്ടും എന്നതിനാല്‍ ഇളവ് അവസാനിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം യു എ ഇ യിലെ പ്രവാസികളെ വലിയ രീതിയില്‍ ബാധിക്കില്ല. എന്നാല്‍ സൗദി അറേബ്യ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അടിയന്തിരമായി നാട്ടിലെത്തേണ്ടവര്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്.
ഗള്‍ഫിലെ പ്രവാസികളില്‍ പലരും നാല് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചവരാണ്. ഘട്ടം ഘട്ടമായി മാസ്ക് പോലും ഒഴിവാക്കി ഗള്‍ഫ് സാധാരണ നിലയിലേക്ക് വരുമ്പോള്‍ ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യുന്നുമുണ്ട് പ്രവാസ ലോകം.