ആലപ്പുഴ: ആലപ്പുഴ ബൈപാസിലെ ടോള്‍ ബൂത്ത് വാഹനം ഇടിച്ച് തകര്‍ന്നു. കൊമ്മാടിയില്‍ സ്ഥാപിച്ചിട്ടുള്ള ബൂത്തുകളില്‍ ഒന്നാണ് തകര്‍ന്നത്. തടി കയറ്റി വന്ന വാഹനം കടന്ന് പോയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രദേശവാസികളുടെ പ്രതികരണം.
ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ ആലപ്പുഴ ബൈപാസിലെ ടോള്‍ ബൂത്തിലാണ് അപകടം ഉണ്ടായത്. ടോള്‍ ബൂത്തിലെ കൗണ്ടറുകളില്‍ ഒന്ന് പൂര്‍ണമായും തകര്‍ന്നു. ടോള്‍ പിരിവ് ആരംഭിക്കാതിരുന്നത് കൊണ്ട് ബൂത്തില്‍ ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. ടോള്‍ ബൂത്തില്‍ സിസിടിവി സ്ഥാപിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ഏത് വാഹനമാണ് ഇടിച്ചതെന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. തടി കയറ്റി വന്ന ലോറി ഇടിച്ചാകാം അപകടം ഉണ്ടായതെന്നാണ് പ്രദേശവാസികളുടെ പ്രതികരണം.