ന്യൂഡൽഹി : രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിച്ച് സുപ്രീം കോടതി. പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. സിബിഐ, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, റവന്യൂ ഇന്റലിജൻസ് തുടങ്ങിയ ഓഫീസുകളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
ജസ്റ്റിസുമാരായ റോഹിംഗ്ടൻ നരിമാൻ, കെ.എം ജോസഫ്, അനിരുദ്ധ് ബോസ് എന്നിവരടങ്ങുന്ന മൂന്ന് അംഗ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. പഞ്ചാബിലെ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിൽ കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
നൈറ്റ് വിഷനോട് കൂടിയ ക്യാമറകൾ സ്ഥാപിക്കാനാണ് നിർദ്ദേശം. ക്യാമറകൾക്ക് ഓഡിയോയും, വീഡിയോയും പകർത്താൻ കഴിവുള്ളതായിരിക്കണം. വൈദ്യുതിയും ഇന്റർനെറ്റുമില്ലാത്ത പ്രദേശങ്ങളിൽ ബദൽ സംവിധാനങ്ങൾ ഒരുക്കണം. സിസിടിവി ക്യാമറകളുടെ പ്രവർത്തനത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും അതാത് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കായിരിക്കുമെന്നും കോടതി പറഞ്ഞു.
രാജ്യത്തെ ഒരു പോലീസ് സ്റ്റേഷനുകൾ പോലും സിസിടിവി ക്യാമറയില്ലാതെ പ്രവർത്തിക്കരുത്. സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടം, പുറത്തേക്ക് ഇറങ്ങുന്ന ഭാഗം, പ്രധാന ഗേറ്റ്, ലോക്കപ്പുകൾ, റിസപ്ഷൻ, ഇൻസ്പെക്ടർമാരുടെ മുറികൾ എന്നിവിടങ്ങളിൽ നിർബന്ധമായും ക്യാമറകൾ സ്ഥാപിച്ചിരിക്കണം. ഇതിന് പുറമേ ശുചിമുറിയുടെ പുറത്തും, പരിസരത്തും സ്ഥാപിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.