
തൃപ്പൂണിത്തുറ: പൊന്നോണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. വലിയ ജനാവലിയെ സാക്ഷിയാക്കി മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തി. മന്ത്രി എംബി രാജേഷാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. നടന് ജയറാം ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വർണശഭലമായ കാഴ്ചകൾക്കാണ് നഗരം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങൾക്കായി 450 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
ജാതി മത വ്യത്യാസങ്ങളില്ലാത്ത ഓണാഘോഷം കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്ന മാതൃകയാണെന്ന് നടന് ജയറാം . ഇതിന്റെ ഭാഗമാകാന്‍ കഴിയുന്നതും വലിയ ഭാഗ്യമാണ്. ഓണം ഇന്ന് കേരളത്തിനും അപ്പുറം ലോകത്തിന്റെ ഓരോ കോണിലും, മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം ആഘോഷിക്കപ്പെടുകയാണ്. കുട്ടിക്കാലം മുതല്‍ വളരെ ദൂരെ നിന്ന് മാത്രം കണ്ടിരുന്ന ഈ ആഘോഷത്തിന്റെ ഉദ്ഘാടനവേദിയില്‍ ഇരിക്കാന്‍ കഴിഞ്ഞതും എന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
