
കൊച്ചി: മറൈന്‍ ഡ്രൈവിനെ പുല്ലാങ്കുഴലിന്റെ ശബ്ദത്താല്‍ സുന്ദരമാക്കിയിരുന്ന പ്രകാശന് ചേട്ടന് ഇനി പുതിയ നിയോഗം. വര്‍ഷങ്ങളായി മറൈന്‍ ഡ്രൈവില്‍ പുല്ലാങ്കുഴല്‍ വില്പനയും വായനയുമായി കഴിഞ്ഞിരുന്ന കേച്ചേരി സ്വദേശി പ്രകാശന് ഇനി കൊച്ചിയിലെ ആഡംബര ഹോട്ടലായ ലെ മെറിഡിയന്റെ ഭാഗമാകും.
പ്രശസ്ത പാചക വിദഗ്ധന്‍ ഷെഫ് പിള്ളയുടെ സ്ഥാപനമായ റെസ്റ്റോറന്റ് ഷെഫ് പിള്ളയില്‍ ആണ് പ്രകാശന് സ്ഥിരം വേദി ലഭിക്കുക. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ഷെഫ് പിള്ള തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ പ്രണയദിനം മുതല്‍ കൊച്ചി ലെ-മെറിഡിയനിലെ ആര്‍സിപിയിലെ അതിഥികളെ സന്തോഷിപ്പിക്കാനായി പ്രകാശന് മാസ്റ്ററുടെ പുല്ലാങ്കുഴല്‍ വാദ്യവും ഉണ്ടാകുമെന്നാണ് ഷെഫ് പിള്ളയുടെ കുറിപ്പ്.
