ബംഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ 13-ാം ദിനത്തിലേക്ക്. ഇന്ന് രാവിലെ ഒൻപതോടെ തെരച്ചിൽ പുനരാരംഭിക്കുമെന്ന് പറഞ്ഞെങ്കിലും മോശം കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിച്ചു. ഇന്ന് കൂടി പരമാവധി ശ്രമിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു.അർജുന്റെ ട്രക്കുണ്ടെന്ന് കരുതുന്ന ഗംഗാവലി നദിയിൽ ശക്തമായ അടിയൊഴുക്ക് തുടരുന്നത് ദൗത്യസംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 10 കിലോമീറ്ററിലേറെ വേഗത്തിലാണ് നദിയിൽ ഒഴുക്ക് തുടരുന്നത്. മുങ്ങൽ വിദഗ്ദ്ധർക്ക് പോലും വെള്ളത്തിലെ ഒഴുക്കിൽ പിടിച്ചുനിൽക്കാനാവാത്ത സ്ഥിതിയാണ്. കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ ഷിരൂരിൽ എത്തിച്ചിട്ടുണ്ട്.
ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സംഘം ഇന്നും പുഴയിലിറങ്ങും. ഗംഗാവലി അപകടം നിറഞ്ഞ നദിയാണെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും ഈശ്വർ മാൽപെ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വന്തം റിസ്കിലാണ് പുഴയിൽ ഇറങ്ങുന്നത്. ഇതുവരെ ട്രക്ക് കാണാനായിട്ടില്ല. ഇന്ന് വീണ്ടും മുങ്ങി ട്രക്ക് കണ്ടെത്താൻ ശ്രമിക്കും. ഇതുവരെ തകരഷീറ്റുകളും തടികളും വെെദ്യുതി കമ്പികളുമാണ് കണ്ടതെന്ന് ഈശ്വർ മൽപെ പറഞ്ഞു.പ്രതികൂല കാലാവസ്ഥയെന്ന് പറഞ്ഞ് രക്ഷാപ്രവർത്തനത്തിൽ നിന്നും പിന്നോട്ട് പോകുന്നതിനോട് കേരള സർക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ അറിയിച്ചിരുന്നു. രക്ഷാപ്രവർത്തനം തുടരുന്നതിൽ കർണാടക സർക്കാർ നിർദേശം അനുസരിച്ച് മാത്രമായിരിക്കും തീരുമാനമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു.