ന്യൂഡൽഹി: ഭരണ-പ്രതിപക്ഷ അംഗങ്ങൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുന്നതിനാൽ പാർലമെന്റ് ഇന്നും സ്തംഭിച്ചു. ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചു. ഏതാനും മിനിറ്റുകൾ മാത്രമാണ് ഇരുസഭകളും സമ്മേളിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ബി.ജെ.പിയുടെ ഭാഗം. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം നടത്താതെ പിന്നോട്ടില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.
ഇരുപാർട്ടികളോടും പറയാനുള്ളത് പറയാമെന്നും സഭയുടെ നടത്തിപ്പിൽ സഹകരിക്കണമെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള അഭ്യർത്ഥിച്ചെങ്കിലും ആരും വഴങ്ങിയില്ല. രാജ്യസഭയിൽ അധ്യക്ഷന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പാർട്ടി നേതാക്കളെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ പാർലമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയിൽ സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.