ഇടുക്കി: അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിന് മുന്നോടിയായി നാളെ നടത്താനിരുന്ന മോക്ക് ഡ്രിൽ മാറ്റിവച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള കേസ് പരിഗണിച്ചാണ് നടപടി. അരിക്കൊമ്പൻ ദൗത്യത്തിനായി വനംവകുപ്പ് എട്ട് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. കോടതി വിധി അനുകൂലമായാൽ 30ന് പുലർച്ചെ നാലിന് ദൗത്യം ആരംഭിക്കും.
ഇന്നലെ വൈകുന്നേരം ഒരു പിടിയാനയ്ക്കും രണ്ടു കുട്ടിയാനകൾക്കുമൊപ്പമാണ് അരിക്കൊമ്പൻ പെരിയകനാൽ എസ്റ്റേറ്റ് ഭാഗത്തെത്തിയത്. ദേശീയപാതയിൽ വാഹനങ്ങളും ആളുകളും ഉണ്ടായിരുന്നതിനാൽ ഇവർ ആനയിറങ്കലിലേക്ക് മടങ്ങി. നിലവിൽ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പൻ. നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.