ന്യൂഡല്‍ഹി: റഫാൽ കേസിൽ പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ദസോൾട്ട് ഏവിയേഷനെതിരായ അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പുനരന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് ഒരു അഭിഭാഷകൻ സുപ്രീം കോടതിയെ സമീപിച്ചത്. പുതിയ തെളിവുകളുടെ പശ്ചാത്തലത്തിൽ കേസ് പുനരന്വേഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു. വിഷയത്തിൽ നേരത്തെ തന്നെ അന്വേഷണം നടത്തിയിട്ടുണ്ടെന്നും പുതിയ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
റഫാൽ യുദ്ധവിമാന ഇടപാടിൽ ഇടനിലക്കാരന് ദസോൾട്ട് ഏവിയേഷൻ കൈക്കൂലി നൽകിയെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയിൽ അഭിഭാഷകൻ ഹർജി സമർപ്പിച്ചത്. ഫ്രഞ്ച് ഓൺലൈൻ ജേണലായ മീഡിയാ പാർട്ട് ആണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ഇടനിലക്കാരന് 7.5 ദശലക്ഷം യൂറോ കൈക്കൂലി നൽകിയെന്നാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്.