തിരുവനന്തപുരം: മറ്റു പല മേഖലകളിലുമെന്ന പോലെ സിമന്റ് വ്യാപാര രംഗത്തും പ്രശ്നങ്ങളും പ്രതിസന്ധിയുമുണ്ടെന്നും അത് ജനപ്രതിനിധികളുടെ ശ്രദ്ധയിൽ വരുമ്പോൾ ആവശ്യമായ സഹായസഹകരണമുണ്ടാകുമെന്നും മന്ത്രി ജി.ആർ. അനിൽ. എം.ആർ.പിയേക്കാൾ കുറഞ്ഞ വിലയിൽ സിമന്റ് വിൽപന നടത്തുന്നതിലൂടെ വ്യാപാരികൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങളെ കുറിച്ച് മനസ്സിലാക്കാനായി. സിമന്റ് വ്യാപാര രംഗത്തെ പ്രശ്നങ്ങൾ ഉൾപ്പെടെ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ നീരസം കാണിക്കുന്ന നിലപാടല്ല ഈ സർക്കാറിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ (കെ.സി.ഡി.എ) തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ കുടുംബസംഗമവും ക്രിസ്മസ് പുതുവത്സര ആഘോഷവും ഇടപ്പഴഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂട്ടായ്മകൾ രൂപവത്ക്കരിച്ച് പ്രശ്നങ്ങൾക്കും പരിഹാരം കാണുക എന്നത് മലയാളികളുടെ പൊതുസമീപനം പ്രശംസനീയമാണ്. സംഘടനക്ക് രൂപംകൊടുക്കാത്ത ഒരുമേഖലയും കേരളത്തിലില്ല. അകാലത്തിൽ മരണപ്പെടുകയോ മറ്റോ ചെയ്താൽ സഹപ്രവർത്തകരെ സഹായിക്കാൻ ഇത്തരം സംഘടനകൾക്ക് സാധിക്കുന്നത് വലിയ കാര്യമാണെന്നും ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. വി.കെ. പ്രശാന്ത് എം.എൽ.എ, കെ.സി.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.ജെ. സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായി. കെ.സി.ഡി.എ ജനറൽ സെക്രട്ടറി ബാലു വട്ടിയൂർക്കാവ്, ജില്ല പ്രസിഡന്റ് ജയൻ എസ്. ഊരമ്പ്, ജില്ല ട്രഷറർ കെ. ഉത്മൻ നായർ എന്നിവർ സംസാരിച്ചു. ഡീലേഴ്സ് കുടുംബാംഗങ്ങളുടെ വിവിധ കലാകായിക പരിപാടികളും നടന്നു. പ്രശസ്ത ടി.വി, ചലച്ചിത്രതാരം പുന്നപ്ര പ്രശാന്ത് (അയ്യപ്പ ബൈജു) നയിച്ച മെഗാഷോയും അരങ്ങേറി.