ന്യൂഡല്‍ഹി: ഹോക്കി ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ പുരുഷ ഹോക്കി ടീമിന്റെ പരിശീലകൻ ഗ്രഹാം റീഡ് രാജിവച്ചു. ഭുവനേശ്വറിൽ ഹോക്കി ലോകകപ്പ് അവസാനിച്ചതിന് പിന്നാലെയാണ് ഓസ്ട്രേലിയക്കാരനായ റീഡ് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കിക്ക് രാജിക്കത്ത് സമർപ്പിച്ചത്.
ഗ്രഹാം റീഡിന്റെ കീഴിലാണ് 2021 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ടീം വെങ്കല മെഡൽ നേടിയത്. എന്നാൽ ഹോക്കി ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എത്താതെ ഇന്ത്യൻ ടീം പുറത്തായിരുന്നു. പൂൾ ഡിയിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യ ക്രോസ് ഓവർ മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റു. ഷൂട്ടൗട്ടിൽ 4-5ന് ആയിരുന്നു ഇന്ത്യയുടെ തോൽവി.
2019 ഏപ്രിലിലാണ് റീഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. ഇന്ത്യയിൽ പ്രവർത്തിക്കാൻ സാധിച്ചത് ഒരു ബഹുമതിയാണെന്നും, മാറിനിൽക്കാനുള്ള സമയമാണിതെന്നും റീഡ് പറഞ്ഞു. ഇന്ത്യൻ ടീമിനൊപ്പമുള്ള യാത്രയുടെ ഓരോ നിമിഷവും താൻ ആസ്വദിച്ചെന്നും റീഡ് വ്യക്തമാക്കി.