കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സിന് രോഗമില്ല. നേഴ്സിന്റെ സ്രവസാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് അധികൃതര്‍ അറിയിച്ചു. ശ്രീചിത്ര മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്റെ ബന്ധുവായ നേഴ്സിനെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
ശ്രീചിത്ര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം പ്രവര്‍ത്തിച്ച റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരന് കുടുംബസമേതം പാരിപ്പള്ളിയിലാണ് താമസം. ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരന്റെ ബന്ധുവായ പാരിപ്പള്ളിയിലെ നേഴ്സിനെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്. ജീവനക്കാരനും കുടുംബവും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന് തിയറ്ററിലാണ് നേഴ്സ് പ്രവര്‍ത്തിച്ചിരുന്നത്. നേഴ്സ് നിരീക്ഷണത്തില്‍ ആയതിനെ തുടര്‍ന്ന് ഓപ്പറേഷന് തിയറ്റര്‍ കഴിഞ്ഞ ദിവസം അടച്ചിരുന്നു. എന്നാല്‍ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ തിയറ്റര്‍ തുറക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ആറ് പേരെയാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞ എട്ട് പേര് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
കൊല്ലം ജില്ലയില്‍ നിലവില്‍ 669 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ പതിനാല് പേര് ആശുപത്രിയിലും, 655 പേര് വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.