
തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്
ബിജെപി സ്വീകരിച്ച നിലപാട് ശരിയാണ് എന്നതിന് തെളിവാണെന്നും വി.ഡി.സതീശൻ ശവം തീനി കഴുകനെപ്പോലെയാണ് സമൂഹത്തിൽ ഭിന്നതയ്ക്ക് ശ്രമിക്കുന്നതെന്നും ബി ജെ പി.
നിയമപരമായി തന്നെ കന്യാസ്ത്രീകളുടെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തി അവരെ പുറത്തിറക്കാനാണ് ബിജെപി ശ്രമിച്ചത്. വി.ഡി. സതീശൻ കേരളത്തിൽ വർഗീയ ലഹളയുണ്ടാക്കി മതസ്പർദ്ധ ഉണ്ടാക്കി അതിൽനിന്ന് മുതലെടുപ്പ് ചെയ്യുന്ന ശവംതീനി കഴുകനെ പോലെയാണ് പ്രതികരിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് . സുരേഷ് പറഞ്ഞു.
കഴിഞ്ഞ 9 ദിവസമായി ഛത്തീസ്ഗഡിലെ ദുർഗ് ജയിലിൽ അടയ്ക്കപ്പെട്ടിരുന്ന മലയാളികളായ രണ്ട് കന്യാസ്ത്രീ അമ്മമാർ ജാമ്യം കിട്ടിയത് അങ്ങേയറ്റം സന്തോഷകരമായ കാര്യമാണ്.
കന്യാസ്ത്രീകളെ മോചിപ്പിക്കാൻ കാര്യക്ഷമമായി ഇടപെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി, ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി, ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർക്കും എല്ലാ പിന്തുണയും നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി കേരള ഘടകത്തിന്റെ നന്ദി അറിയിക്കുകയാണ്.
പല രീതിയിലുള്ള രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ പരിശ്രമത്തിന്, എല്ലാ പിന്തുണയും നൽകിയ കേരളത്തിലെ മതമേൽ അധ്യക്ഷന്മാരെ നന്ദിയോടെ സ്മരിക്കുന്നു.
കോൺഗ്രസ് സർക്കാർ ഛത്തീസ്ഗഡിൽ നടപ്പിലാക്കിയ നിയമപ്രകാരമാണ് രണ്ട് കന്യാസ്ത്രീകൾ അറസ്റ്റിലായത്. ആ നിയമം ജാമ്യമില്ലാ വകുപ്പാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ കന്യാസ്ത്രീകളെ കേരളത്തിന്റെ പൊതു താൽപര്യവും ക്രൈസ്തവ സമൂഹത്തിന്റെ താൽപര്യവും കണക്കിലെടുത്ത് അവർ നിരപരാധികളാണെന്ന കാര്യം കോടതിയെ ധരിപ്പിക്കാൻ നിയമപരമായ നടപടികളിലൂടെ മുന്നോട്ടുപോകാനുളള ശ്രമങ്ങളാണ് പ്രശ്നം അറിഞ്ഞതുമുതൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടന്നത്. ആ ശ്രമങ്ങളുടെ വിജയമാണ് ഇന്ന് ഉണ്ടായത്. കേരളത്തിലെ പൊതുസമൂഹവും ക്രിസ്ത്യൻ സമൂഹവും ഭാരതീയ ജനതാ പാർട്ടിയും എടുത്ത നിലപാടിന്റെ വിജയം കൂടിയാണിത്.
എല്ലാവർക്കും ഒപ്പം ബിജെപി ഉണ്ടെന്നാണ് സന്ദേശം കേരള സമൂഹത്തിന് മുന്നിൽ അറിയിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ആ സമയത്ത് കേരളത്തിലെ മാധ്യമങ്ങളും എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളും ഞങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തോടൊപ്പം കൂടെയുണ്ട് ഞങ്ങൾ എന്ന നിലപാട് സ്വീകരിച്ച് ആ കന്യാസ്ത്രീകളുടെ മോചനത്തിനുവേണ്ടി ആദ്യമുതൽ ഈ നിമിഷം വരെ എല്ലാ ആരോപണങ്ങളെയും കല്ലേറുകളെയും അതിജീവിച്ച് സഭാ നേതൃത്വത്തിന് ക്രിസ്തുമത വിശ്വാസികൾക്ക് രാജ്യത്ത് നൽകിയ ഉറപ്പ് പാലിക്കാൻ സാധിച്ചു എന്നതാണ് ബിജെപിയുടെ അഭിമാനകരമായ നേട്ടം.
അതിന് പിന്തുണ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നു.
വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ്.
യു.ഡി.എഫ് എം.പിമാർ ഛത്തീസ്ഗഡിൽ പോയി കാണിച്ച പ്രകടനമാണ് കന്യാസ്ത്രീകൾ എട്ട് ദിവസം ജയിലിൽ കിടക്കാൻ കാരണമായത്.
അക്കൂട്ടത്തിൽ എൽ.ഡി.എഫ് നേതാക്കളും യാതൊരുവിധ ആവശ്യമില്ലാതെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി. ജയിലിനും കോടതിക്കും മാധ്യമങ്ങൾക്കും മുന്നിൽ കാണിച്ച പ്രകടനം ഒരർത്ഥത്തിൽ സമരആഭാസമാണ്. അതിന്റെ ഫലം കേസ് പരിഗണിച്ച ജഡ്ജിക്കും പ്രോസിക്യൂഷനും സമ്മർദ്ദം ഉണ്ടാക്കി.
ഛത്തീസ്ഗഡിലെ പൊതുസമൂഹത്തിനിടയിൽ കന്യാസ്ത്രീകൾക്കതിരായ വികാരം ഉണ്ടാക്കാൻ മാത്രമേ യു.ഡി.എഫ്, എൽ.ഡി.എഫ് എം.പിമാരുടെ പ്രകടനം കൊണ്ട് കഴിഞ്ഞുള്ളൂ.
ഇത് കൊണ്ടാണ് 4-5 ദിവസം മുമ്പേ ജയിൽ മോചിതരാകേണ്ടിയിരുന്ന കന്യാസ്ത്രീമാരുടെ ജാമ്യം ഇത്രയും നീണ്ടത്.
ഇത്രയും ദിവസം കന്യാസ്ത്രീകൾ ജയിലിൽ കിടക്കാൻ കാരണം എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നാടകമാണ്.
പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്താണ് കാര്യം എന്ന് ചോദിക്കുന്നത് പോലെയാണ് ഛത്തീസ്ഗഡിൽ നീതിപൂർവ്വം കാര്യങ്ങൾ നടക്കുന്നിടത്ത് ഇത്തരത്തിലുള്ള സമരാഭാസം ഇവർ നടത്തുന്നത്.
വിഡ്ഢിത്തത്തിന്റെ എഴുന്നള്ളത്താണ് വി.ഡി സതീശൻ വിഷയത്തിൽ നടത്തുന്നത്.
ജാമ്യം ലഭിച്ച ശേഷവും വി.ഡി സതീശൻ പറയുന്നത് പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തു എന്നാണ്.
ഇന്ന് കോടതിയിൽ മറ്റ് നടപടികളൊന്നും ഉണ്ടായില്ല. ഇന്നലെ നടന്ന വാദഗതിയുടെ അടിസ്ഥാനത്തിൽ വിധി പറയുക മാത്രമാണ് നടന്നത്.
സതീശൻ കേരളത്തിൽ വർഗീയ ലഹളയും മതസ്പർദ്ധയും ഉണ്ടാക്കി അതിൽനിന്ന് മുതലെടുപ്പ് ചെയ്യുന്ന ശവംതീനി കഴുകനെ പോലെയാണ് പ്രതികരിക്കുന്നത്.
ശവംതീനി കഴുകന്റെ പണി വി.ഡി സതീശൻ അവസാനിപ്പിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
കന്യാസ്ത്രീ വിഷയത്തിൽ ബിജെപി സ്വീകരിച്ച നിലപാട് കേരളത്തിലെ പൊതുസമൂഹത്തിന് നല്ല ബോധ്യമുള്ളതാണ്.
കന്യാസ്ത്രീകൾ അറസ്റ്റിലായ ആ ദിവസം തന്നെ കേരളത്തിൽ നിന്നുള്ള പ്രതിനിധികളെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഡിലേക്ക് അയച്ചു.
അനൂപ് ആന്റണി ഛത്തീസ്ഗഡിൽ എത്തിയശേഷം സമരം ചെയ്യാനോ മാധ്യമങ്ങൾക്ക് മുന്നിൽ ഷോ കാണിക്കാനോ അല്ല, ശ്രമിച്ചത്.
അദ്ദേഹം ആദ്യം ചെയ്തത് ആഭ്യന്തരവകുപ്പ് മന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുക എന്നതായിരുന്നു.
അതിനുശേഷം മുഖ്യമന്ത്രി തന്നെ നേരിൽ കണ്ട് കാര്യങ്ങൾ സംസാരിച്ചു.
പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും അദ്ദേഹം നേരിട്ട് കണ്ട് ആശയവിനിമയം നടത്തി.
നിയമപരമായി കോടതിയിലൂടെ തന്നെ കന്യാസ്ത്രീകളെ മോചിപ്പിക്കുന്ന യുക്തിപൂർവ്വമായ നടപടികൾക്ക് നേതൃത്വം നൽകി. അതാണ് ബിജെപിയുടെ അജണ്ട.
നിയമസംവിധാനങ്ങളിലൂടെ തന്നെ കന്യാസ്ത്രീകളെ മോചിപ്പിക്കാൻ ഉള്ള ശ്രമങ്ങളാണ് ബിജെപി ഛത്തീസ്ഗഡിൽ ചെയ്തത്. ആ പരിശ്രമങ്ങൾ വളരെ സുതാര്യമായിരുന്നു.
സഭാ നേതൃത്വം ബിജെപിയുടെ ആ ശ്രമങ്ങൾക്ക് ധാർമികമായ എല്ലാ പിന്തുണയും നൽകിയിരുന്നു.
ആ പിന്തുണ ഉണ്ടായതുകൊണ്ടാണ് ബിജെപിക്ക് വിജയിക്കാൻ കഴിഞ്ഞത്.
കന്യാസ്ത്രീകളെ മോചിപ്പിക്കാൻ നിയമപരമായി എന്തൊക്കെ ചെയ്യാം എന്ന് ബിജെപി ചിന്തിച്ചപ്പോൾ,
ഈ പ്രശ്നം എത്രത്തോളം രൂക്ഷമാക്കാം എന്നാണ് ഇടതുമുന്നണിയും വലതുമുന്നണിയും ശ്രമിച്ചത്.
ഈ ശ്രമങ്ങളെല്ലാം കേരള സമൂഹത്തിന് ബോധ്യമായി.
കേരളത്തിലെ ഏതൊരു മലയാളിക്കും ലോകത്തെവിടെയായാലും എന്തു സംഭവിച്ചാലും ബിജെപി ആ വിഷയത്തിൽ ഇടപെടും, കൂടെയുണ്ടാകും ഞങ്ങൾ എന്ന മുദ്രാവാക്യം വെറും മുദ്രാവാക്യം മാത്രമല്ല,
അത് പാർട്ടിയുടെ അജണ്ടയാണ്.
എല്ലാവർക്കും വേണ്ടി, എല്ലാവരോടൊപ്പം എന്നതാണ് ബിജെപിയുടെ പ്രഖ്യാപിത നയം.
അതാണ് വികസിത കേരളത്തിൻ്റെ മുദ്രാവാക്യം.
അതിന് വേണ്ടി ആത്മാർത്ഥമായി അവസാനം വരെ എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഞങ്ങൾ നിന്നു.
അതിന് വേണ്ടി ഞങ്ങളെ പിന്തുണച്ച മുഴുവൻ ആളുകൾക്കും ഭാരതീയ ജനതാ പാർട്ടി കേരള ഘടകം നന്ദി അറിയിക്കുന്നു.
നാടിന് നന്മ ചെയ്യാൻ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യും.
രാജീവ് ചന്ദ്രശേഖർ കേരളത്തിൽ സ്വീകരിച്ച അതേ നിലപാടാണ് പ്രധാനമന്ത്രിയും,
കേന്ദ്ര ആഭ്യന്തരമന്ത്രിയും, ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രിയും സ്വീകരിച്ചത്.
ബിജെപി സ്വീകരിച്ച ശക്തമായ നിലപാട് കാരണമാണ് കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
തുടർനടപടികൾ സഭാ നേതൃത്വവുമായി, നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് സ്വീകരിക്കുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.
