ന്യൂയോർക്ക്: ഹണിമൂൺ ആഘോഷത്തിനെത്തിയ നവദമ്പതികൾ കടലില്‍ മുങ്ങിമരിച്ചു. യുഎസ് സ്വദേശികളായ മുഹമ്മദ് മാലിക് (35), ഭാര്യ ഡോ.നൂർ ഷാ (26) എന്നിവരാണ് മരിച്ചത്. കരീബീയന്‍ ദ്വീപിലെ ഹണിമൂൺ ആഘോഷത്തിനിടെ ഇരുവരും മുങ്ങിമരിക്കുകയായിരുന്നു. . മാൻഹട്ടണിൽ കോർപ്പറേറ്റ് അറ്റോർണിയായിരുന്നു മുഹമ്മദ് മാലിക്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 24നായിരുന്നു ന്യൂയോർക്ക് ലംഗോൺ ഹെൽത്തിലെ സർജിക്കൽ റെസിഡന്റായ നൂർ ഷായുമായുള്ള ഇദ്ദേഹത്തിന്റെ വിവാഹം. പാക് വംശജരാണ് ഇരുവരും.
വിവാഹശേഷം ബഹാമാസിലെ തുർക്ക്സ് ആൻഡ് കയ്ക്കോസ് ഐലൻഡ് റിസോർട്ടാണ് ഇവർ ഹണിമൂണിനായി തെരഞ്ഞെടുത്തത്. വിവാഹം കഴിഞ്ഞ അടുത്ത ദിവസം തന്നെ ഇവിടെക്കെത്തുകയും ചെയ്തു. റിസോർട്ടിലെ താമസത്തിനിടെ ഒക്ടോബർ 28നായിരുന്നു അപകടത്തിന്റെ രൂപത്തിൽ മരണം ഇരുവരെയും കവർന്നെടുത്തത്. കടലിൽ നെഞ്ചൊപ്പമുള്ള വെള്ളത്തിൽ നീന്തുന്നതിനിടെ വേലിയേറ്റത്തിൽ പെട്ട് ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി ഉടന്‍ തന്നെ സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.