ഇടുക്കി: ജില്ലയുടെ ആരോഗ്യമേഖലയെ പുതിയ ഉയരങ്ങളിലേയ്ക്ക് കൈപിടിച്ചുയർത്തിക്കൊണ്ട് ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിലെ പുതിയ ആശുപത്രി സമുച്ചയം പ്രവർത്തനമാരംഭിച്ചു. ഒപി വിഭാഗത്തിൻ്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു.
85 കോടി രൂപ നിർമ്മാണാനുമതി ലഭിച്ച ആശുപത്രി സമുച്ചയത്തിൻ്റെ ഒന്നാം ബ്ളോക്കിലാണ് ഒപി വിഭാഗം പ്രവർത്തിക്കുന്നത്. 300-ൽ അധികം ബെഡുകളുള്ള ആശുപത്രി സമുച്ചയത്തിൻ്റെ ഒന്നാം ബ്ലോക്കിൽ 80-ൽ അധികം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ഈ സമുച്ചയത്തിൽ ഒപി വിഭാഗത്തിനു പുറമേ മൂന്നാം നിലയിൽ സെൻട്രൽ ലബോറട്ടറി സോൺ സ്ഥാപിച്ചിട്ടുണ്ട്. ട്രൂനാറ്റ് പരിശോധന കേന്ദ്രം, ആധുനിക സംവിധാനങ്ങളോടുകൂടിയ മോളിക്യുലാര്‍ ലാബ് (ആര്‍ടിപിസിആര്‍ലാബ്) എന്നിവ അവിടെ സജ്ജമാവുകയും ഐസിഎംആര്‍ ന്റെ അംഗീകാരത്തോടുകൂടി വൈറോളജി ടെസ്റ്റിംഗ് സെൻ്ററായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 82 ലക്ഷം രൂപയാണ് ആർടിപിസിആർ ലാബ് സ്ഥാപിക്കുന്നതിനായി ചിലവഴിച്ചത്.
കെഎസ്ഇബിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള 10 കോടി രൂപ റേഡിയോളജി ഉപകരണങ്ങൾ, ഐസിയു നവീകരണത്തിനുള്ള ഉപകരണങ്ങൾ, പീഡിയാട്രിക് ഐസിയു, ഡയാലിസിസ് യൂനിറ്റ് തുടങ്ങി ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അവശ്യമായ നിരവധി കാര്യങ്ങൾക്കായി വിനിയോഗിച്ചു. ആശുപത്രി സമുച്ചയത്തിലേയ്ക്കുള്ള റോഡുകളുടെ നിർമ്മാണവും പൂർത്തിയാക്കി. ഡയാലിസിസ് യൂനിറ്റ്, ഐസിയു, ബ്ളഡ് സെൻ്റർ, കോവിഡ് ലേബർ റൂം എന്നിവയുടെ ഉദ്ഘാടനവും കഴിഞ്ഞ മാസം നടന്നിരുന്നു.ജില്ലാ ആശുപത്രിയുടെ പരിമിതമായ സൗകര്യത്തോടെയാണ് ഇതുവരെ മെഡിക്കൽ കോളേജ് പ്രവർത്തിച്ചിരുന്നത്. പുതിയ ആശുപത്രി സമുച്ചയത്തിൻ്റെ പ്രവർത്തനം ആരംഭിച്ചതോടെ രോഗികളെ മറ്റു ആശുപത്രികളിലേയ്ക്ക് റഫർ ചെയ്യുന്നത് ഒഴിവാക്കാൻ സാധിക്കും. സമുച്ചയത്തിൻ്റെ രണ്ടാം ബ്ളോക്കിൻ്റെ നിർമ്മാണം ദ്രുതഗതിയിൽ മുന്നോട്ടു പോവുകയാണ്.120 കോടി രൂപ ഭരണാനുമതി നൽകിയ റെസിഡൻഷ്യൽ കോമ്പ്ളക്സിൻ്റെ നിർമ്മാണവും, ഗേൾസ്/ബോയ്സ് ഹോസ്റ്റലുകൾ, നോൺ ടീച്ചിംഗ് ക്വാർട്ടേഴ്സ് എന്നിവയുടെ നിർമ്മാണവും പുരോഗമിക്കുന്നു.