റിപ്പോർട്ട് :ടി.പി ജലാല്‍
മലപ്പുറം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ ചര്‍ച്ച പുരോഗമിക്കുന്നു. രാജ്യസഭാ എം.പിയും മുസ്ലിം ലീഗ് നേതാവും പ്രമുഖ വ്യവസായിയുമായ പി.വി അബ്ദുല്‍ വഹാബിനെ മഞ്ചേരിയില്‍ മത്സരിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. നിലവിലെ എം.എല്‍.എ എം ഉമ്മറിന് വക്കീല്‍ കുപ്പായത്തിലേക്ക് തിരിച്ചു പോവേണ്ടിവരും.
പാര്‍ട്ടി വന്‍ ഭുരിപക്ഷത്തോടെ ജയിച്ചുവന്നിട്ടും ഉദ്യോഗസ്ഥ തലത്തിലോ മറ്റോ യാതൊരു സ്വാധീനവും പാര്‍ട്ടിക്ക് നേടിക്കൊടുക്കാന്‍ ആവാത്തതും മൂന്നുതവണ മത്സരിച്ചതു കൊണ്ടുമാണ് ഉമ്മറിന് സീറ്റ് ലഭിക്കാതിരിക്കുന്നത്. ടൗണിലെ പോലീസ് സ്റ്റേഷനില്‍ പോലും പാര്‍ട്ടിയുടെ ഒരു കാര്യവും ആവശ്യപ്പെട്ട് ചെല്ലാന്‍ ആവുന്നില്ലെന്നാണ് അണികള്‍ പറയുന്നത്. അഭിഭാഷകരായ എന്‍.സി ഫൈസലും യു.എ ലത്തീഫും പരിഗണനയിലുണ്ട്. യു.എ ലത്തീഫിന് ജില്ലാ ബാങ്ക് പ്രസിഡന്റ് സ്ഥാനം നല്കിയതിനാല് സാധ്യത കുറവാണ്. ഇദ്ദേഹത്തിന് പെരിന്തല്‍മണ്ണ വേണോ എന്ന് ചോദിച്ചപ്പോള്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. കൂടുതല്‍ സാധ്യതയും വഹാബിനാണ്. ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനൊപ്പം ഉദ്യോഗസ്ഥ ബന്ധവും ദൃഡപ്പെടുത്തുന്നവരേയാണ് പാര്‍ട്ടി മഞ്ചേരിയിലേക്ക് നോക്കുന്നത്. വഹാബിനെ പെരിന്തല്‍മണ്ണയിലേക്കും പരിഗണിക്കുന്നുണ്ട്. ഇവിടെ പി. അബ്ദുല്‍ ഹമീദിനേയും പരിഗണിക്കുന്നുണ്ട്. എങ്കിലും ഹമീദിനും നോട്ടം മഞ്ചേരിയിലേക്കാണ്.
പി.കെ ബഷീറിനെ മഞ്ചേരിയില്‍ പരിഗണിക്കുന്നതില്‍ അണികള്‍ക്ക് താല്പര്യമുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് താല്പര്യമില്ല. കാരണം ഇത്തവണ എടവണ്ണ ഗ്രാമപ്പഞ്ചായത്ത് കൈവിട്ടുപോവാനുള്ള കാരണം ബഷീറാണ്. അതുകൊണ്ട് ആ പ്രശ്നം ബഷീര്‍ തന്നെ പരിഹരിക്കട്ടെ എന്നാണ് പാര്‍ട്ടിയുടെ തീരുമാനം. പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളേയും അപമാനിക്കുന്ന തരത്തിലുള്ള ബഷീറിന്റെ ഇടപെടലില്‍ പരാതിയുണ്ട്. കാവനൂരിലും കുഴിമണ്ണയിലും ഇത് പ്രകടമായിട്ടുണ്ട്.
മഞ്ഞളാംകുഴി അലിയെ ഇത്തവണ മങ്കടയില്‍ മാറ്റി മത്സരിപ്പിച്ചേക്കും. തിരൂരില്‍ സി.മമ്മൂട്ടിക്ക് പകരം ഷംസുദ്ദീനെ പരിഗണിക്കുന്നുണ്ട്. മലപ്പുറം മണ്ഡലത്തിലെ പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പിലോ മണ്ണാര്‍ക്കാടോ കെ.എന്‍.എ ഖാദറിന് അവസരം കൊടുത്തേക്കും. അബ്ദുറഹിമാന് രണ്ടത്താണിക്ക് കോട്ടക്കലിലേക്ക് നോട്ടമുണ്ടെങ്കിലും ആബിദ് ഹുസൈന് തങ്ങളെ നിലനിര്‍ത്തും. കെ.എം ഷാജി ഇത്തവണ അഴീക്കോട് നിന്നും മാറിയേക്കും പകരം കൊടുവള്ളിയോ കോഴിക്കോടോ നല്‍കും. അല്ലെങ്കില്‍ പുതുതായി ആവശ്യപ്പെട്ടിട്ടുള്ള വയനാട് മണ്ഡലമോ നല്‍കും. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ തന്നെയാവും.
വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ഈ തിരഞ്ഞെടുപ്പിലും തുടരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്കി. അധികാരം ലഭിച്ചാല്‍ വഖ്ഫ് ബോര്‍ഡോ മറ്റോ നല്‍കിയാവും സഖ്യം തുടരുക. ഒരു സീറ്റ് നല്‍കുമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നുവെങ്കിലും കോണ്‍ഗ്രസ് -സമസ്ത സഖ്യത്തിന്റെ എതിര്‍പ്പു മൂലം സാധ്യത കുറയും.